ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭഗവത് രാഷ്ട്രപതിയാകാന്‍ യോഗ്യതയുള്ള സ്ഥാനാര്‍ഥിയാണെന്നു ശിവസേന എംപിയും പാര്‍ട്ടി വക്താവുമായ സഞ്ജയ് റാവുത്ത്. മോഹന്‍ ഭഗവതിന്റെ പേരും രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി കേള്‍ക്കുന്നു. ഹിന്ദുരാഷ്ട്രം എന്ന സ്വപ്നം സഫലമാക്കുന്നതിന് ഇത് ഉപകരിക്കുമെന്ന് സഞ്ജയ് റാവുത്ത് പറഞ്ഞു.
എന്നാല്‍, രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ആരെ പിന്തുണയ്ക്കണമെന്ന കാര്യം പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെയായിരിക്കും തീരുമാനിക്കുക. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാനായി സഖ്യകക്ഷി നേതാക്കളെ കഴിഞ്ഞ ദിവസം ഡല്‍ഹിക്കു വിളിപ്പിച്ചിരുന്നു. യോഗത്തിലേക്കും അതോടനുബന്ധിച്ചുള്ള വിരുന്നിലേക്കും ഉദ്ധവ് താക്കറെയെ പ്രധാനമന്ത്രി നേരിട്ടാണ് ക്ഷണിച്ചത്.
യോഗത്തില്‍ പങ്കെടുക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സമാനമായ ഭക്ഷണം ഉദ്ധവ് താക്കറെയുടെ വസതിയായ മാതോശ്രീയിലും ലഭിക്കുമെന്നായിരുന്നു സഞ്ജയ് റാവുത്തിന്റെ പ്രതികരണം.
കഴിഞ്ഞ രണ്ടു രാഷ്ട്രപതി തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായ പ്രതിഭാ പാട്ടീലിനെയും പ്രണബ് മുഖര്‍ജിയെയുമാണ് ശിവസേന പിന്തുണച്ചത്.