ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ വ്യാപകമായ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ യാതൊരു മാര്‍ഗവുമില്ലാതെ തെരുവോരങ്ങളില്‍ ഭവനരഹിതരായി കഴിയുന്നവര്‍ക്കു സഹായഹസ്തവുമായി ഇന്ത്യന്‍ അമേരിക്കന്‍ ഇരട്ട സഹോദരിമാര്‍ രംഗത്തെത്തിയത് നിരവധി പേരുടെ പ്രശംസ പിടിച്ചുപറ്റി.
ഭവനരഹിതരുടെ ആവശ്യങ്ങള്‍ തങ്ങളാല്‍ കഴിയുംവിധം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ഗാരേജ് സെയില്‍ നടത്തി പണം സമാഹരിക്കാന്‍ മുന്നോട്ടുവന്നത് ഇരട്ട സഹോദരിമാരായ റിനിയും രഹയുമാണ്. തങ്ങള്‍ക്ക് തല ചായ്ക്കാന്‍ വീടും, മേശപ്പുറത്ത് ഭക്ഷണവും, ധരിക്കുന്നതിനു വസ്ത്രവും ലഭിക്കുമ്പോള്‍ ഇവയൊന്നും ലഭിക്കാതെ തെരുവില്‍ കഴിയുന്ന ഭവനരഹിതര്‍ക്ക് വസ്ത്രവും ഭക്ഷണവും, കൊറോണ വൈറസില്‍ നിന്നു രക്ഷനേടുന്നതിനു ഹാന്‍ഡ് സാനിറ്ററൈസറും വാങ്ങുന്നതിനു ഇവര്‍ കണ്ടെത്തിയ മാര്‍ഗം പഴയ വസ്ത്രങ്ങള്‍, ഷൂസ്, പുസ്തകങ്ങള്‍, ബാഗുകള്‍, സോക്‌സ്, കോട്ടുകള്‍ എന്നിവ ശേഖരിച്ചു ഗാരേജ് സെയിലിലുടെ പണം സമാഹരിക്കുക എന്നതായിരുന്നു.
ന്യൂയോര്‍ക്ക് സബ് വേകളിലും, പാര്‍ക്കുകളിലും അലഞ്ഞു നടക്കുന്നവരെ കണ്ടെത്തി അവര്‍ക്കു സഹായങ്ങള്‍ നല്‍കുന്നതിനു ആരും മുന്നോട്ടു വരുന്നില്ല. എല്ലാവരും അവരവരുടെ കുടുംബങ്ങളുടെ സംരക്ഷണം മാത്രമാണ് ആഗ്രഹിക്കുന്നത്.
ടെലിവിഷനിലൂടെ ആഗോളതലത്തില്‍ കോവിഡ് 19 മൂലം മരിച്ചുവീഴുന്നത് തങ്ങള്‍ ടെലിവിഷനില്‍ കാണുന്നു. അവരിലൊരാള്‍ നാം ആയിരിക്കുമോ എന്നു പറയാനാവില്ലെന്നു വിങ്‌സ് ഓഫ് ഹോപ്പ് എന്ന സംഘടനയുടെ സഹ സ്ഥാപകരായ ഇരട്ട സഹോദരിമാര്‍ പ്രതികരിച്ചു. കഴിഞ്ഞവര്‍ഷം ഇരുവരുടേയും ജന്മദിനത്തിനു ലഭിച്ച 15,0000 ഡോളര്‍ പുകവലിക്ക് അടിമകളായ യുവജനങ്ങളെ ചികിത്സിക്കുന്ന സെന്റ് ജൂഡ് ആശുപത്രിക്ക് കൈമാറിയതായി ഇവര്‍ പറഞ്ഞു.