സംശയത്തിന്റെ ആനുകൂല്യത്തിൽ ഗോവിന്ദച്ചാമിക്ക് വധശിക്ഷയില്ല. തിരുത്തൽ ഹർജി തള്ളി

saumya

സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട്‌ സംസ്ഥാന സർക്കാർ സമർപ്പിച്ച തിരുത്തൽ ഹർജിയും സുപ്രീം കോടതി തള്ളി. നേരത്തെ കൊലക്കുറ്റം റദ്ദാക്കിക്കൊണ്ട്‌ വധശിക്ഷ സുപ്രീം കോടതി ഒഴിവാക്കിയിരുന്നു. ഇതിനെത്തുടർന്നാണ് തിരുത്തൽ ഹർജി സമർപ്പിച്ചത്‌. ഈ ഹര്‍ജി സുപ്രീംകോടതി തള്ളിയതോടെ ഗോവിന്ദച്ചാമിക്ക് ശിക്ഷ ജീവപര്യന്തമായി തുടരും.
11 മാസത്തോളം തൃശ്ശൂരിലെ വിചാരണക്കോടതിയിലും മൂന്ന് മാസത്തോളം ഹൈക്കോടതിയിലും സൗമ്യയ്ക്ക് നീതി കിട്ടാനുള്ള പോരാട്ടത്തിന് ശേഷമാണ് കേസ് സുപ്രീംകോടതിയിലെത്തിയത്. എന്നാല്‍ സുപ്രീംകോടതി വിധി എതിരായതോടെ ഗോവിന്ദച്ചാമിക്ക് വധശിക്ഷ ലഭിക്കില്ല.

സൗമ്യക്കേസില്‍ തൃശ്ശൂര്‍ അതിവേഗ കോടതി നല്‍കിയ വധശിക്ഷയ്‌ക്കെതിരെ ഗോവിന്ദച്ചാമി സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വധശിക്ഷ റദ്ദാക്കിക്കൊണ്ട് വിധി വന്നിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ തിരുത്തല്‍ ഹര്‍ജി നല്‍കിയത്.
സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയത്. ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്. വധശിക്ഷ റദ്ദാക്കുന്ന കാര്യത്തില്‍ ആറംഗ ബെഞ്ചിന് ഏകകണ്ഠമായ അഭിപ്രായമായിരുന്നു.
ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ ചെലമേശ്വര്‍ എന്നിവര്‍ക്ക് പുറമേ നേരത്തെ സൗമ്യ കേസ് പരിഗണിച്ച രഞ്ജന്‍ ഗൊഗോയ്, പിസി പന്ത്, യുയു ലളിത എന്നിവരും ബെഞ്ചിലുണ്ടായിരുന്നു. കൊലപാതകം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാഞ്ഞതാണ് വിനയായത്.
സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരം തുറന്ന കോടതിയിലാണ് കേസിന്റെ വാദം നടന്നത്. സൗമ്യയ്ക്ക് നീതി നിഷേധിക്കപ്പെട്ടുവെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം കോടതി തള്ളി. ബലാത്സംഗം നടത്തിയതിനുള്ള ശിക്ഷ മാത്രമാണ് ഗോവിന്ദച്ചാമിക്ക് ലഭിച്ചത്.
397 വകുപ്പ് പ്രകാരം മോഷണത്തിനിടെ മുറിവേല്‍പ്പിക്കാന്‍ ശ്രമിച്ചു, 447 വകുപ്പ് പ്രകാരം അതിക്രമം തുടങ്ങിയ കേസുകളില്‍ വളരെ കുറഞ്ഞ മാസങ്ങളുടെ ശിക്ഷ മാത്രമാണ് ഗോവിന്ദച്ചാമിക്ക് വിധിച്ചിരിക്കുന്നത്.
വിധി പുനപരിശോധനാ ഹര്‍ജിക്ക് പിന്നാലെ തിരുത്തല്‍ ഹര്‍ജിയും തള്ളിയതോടെ സൗമ്യകേസിലെ നിയമപോരാട്ടം അവസാനിച്ച നിലയിലാണ്. സുപ്രീംകോടതി വിധി നിരാശാജനകമെന്ന് സൗമ്യയുടെ അമ്മ പ്രതികരിച്ചു. നീതി കിട്ടുമെന്നായിരുന്നു പ്രതീക്ഷയെന്നും ഗോവിന്ദച്ചാമിയുടെ മരണം മാത്രമാണ് ആഗ്രഹമെന്നും നീതി കിട്ടും വരെ പോരാടുമെന്നും സുമതി പറഞ്ഞു. സർക്കാരിന് നിയമപരമായി ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ചെയ്തുവെന്നും ഇതിനപ്പുറം നിയമപരമായി എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ലെന്നും നിയമമന്ത്രി എ കെ ബാലൻ പ്രതികരിച്ചു.