പലസ്തീനികള്‍ക്കു നേരെ ഇസ്രയേലിന്റെ രൂക്ഷമായ വെടിവയ്പ്പ്;4 പേര്‍ കൊല്ലപ്പെട്ടു 955 പേര്‍ക്ക് പരുക്ക്

gun shoot

അമിത സൈനിക ശക്തി ഉപയോഗിക്കരുതെന്ന യു.എന്‍ മുന്നറിയിപ്പ് അവഗണിച്ച് പലസ്തീനികള്‍ക്കു നേരെ ഇസ്രയേലിന്റെ രൂക്ഷമായ വെടിവയ്പ്പ്. ഗസ്സ അതിര്‍ത്തിയില്‍ പ്രതിഷേധക്കാര്‍ക്കു നേരെയുണ്ടായ വെടിവയ്പ്പില്‍ നാലു പേര്‍ കൊല്ലപ്പെടുകയും 955 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തിനു നേരെയാണ് ഇസ്രയേലിന്റെ ഭാഗത്തുനിന്ന് വെടിവയ്പ്പുണ്ടായത്. മരിച്ചവരില്‍ 15 കാരന്‍ അസാം ഹിലാലുമുണ്ട്. വെള്ളിയാഴ്ചയിലെ പ്രതിഷേധത്തിനിടെയാണ് ഇവനും വെടിയേറ്റത്. ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ പ്രക്ഷോഭത്തിന്റെ ഭാഗമായി അഞ്ചാമത്തെ വെള്ളിയാഴ്ചയാണ് പലസ്തീനികള്‍ അതിര്‍ത്തിയിലേക്ക് മാര്‍ച്ച് ചെയ്തത്.

മാര്‍ച്ച് 30ന് ഭൂമി ദിനത്തോടനുബന്ധിച്ചാണ് ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ പ്രതിഷേധ പരിപാടിക്ക് തുടക്കമിട്ടത്. ഇത് മെയ് 15 നക്ബ ദിനം വരെ തുടരും. 1948 ല്‍ സയണിസ്റ്റ് ഭീകരരുടെ ആക്രമണത്തില്‍ 7.5 ലക്ഷം പലസ്തീനികള്‍ക്ക് സ്വന്തം വീടും നാടും വിട്ട് ഓടേണ്ടി വന്നതിന്റെ 70ാം വാര്‍ഷികമാണ് ഈ വരുന്ന നക്ബ ദിനം. മാര്‍ച്ച് 30ന് തുടങ്ങിയ പ്രതിഷേധ പരിപാടിയില്‍ ഇതുവരെ 42 പലസ്തീനികള്‍ കൊല്ലപ്പെടുകയും 5,500 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.