ഹാരിസ് കൗണ്ടിയില്‍ തിങ്കളാഴ്ച മുതല്‍ 30 ദിവസത്തേക്ക് മാസ്ക്ക് നിര്‍ബന്ധം

ഹൂസ്റ്റണ്‍ : ഹാരിസ് കൗണ്ടിയിലെ 4.7 മില്യണ്‍ റസിഡന്റ്‌സ് ഏപ്രില്‍ 27 തിങ്കളാഴ്ച മുതല്‍ 30 ദിവസത്തേക്ക് നിര്‍ബന്ധമായും മാസ്ക്ക് ധരിക്കേണ്ടതാണെന്ന് കൗണ്ടി ജഡ്ജിയുടെ ഉത്തരവ് നിലവില്‍ വരുന്നു.ജഡ്ജിയുടെ തീരുമാനത്തിനെതിരെ പോലീസ് ഓഫീസേഴ്‌സ് യൂണിയന്‍ രംഗത്തെത്തിയെങ്കിലും ഉത്തരവ് നടപ്പാക്കുവാനാണ് തീരുമാനം. എല്ലാവരും ഏതു സമയത്തും മാസ്ക്ക് ധരിക്കണമെന്നും ഭക്ഷണം കഴിക്കുമ്പോഴും വെള്ളം കുടിക്കേണ്ട സമയത്തും മാത്രമേ മാസ്ക്ക് മാറ്റാവൂ എന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

വീട്ടില്‍ നിര്‍മിച്ച മാസ്‌ക്കോ, ഹാന്‍ഡ് കര്‍ച്ചീഫോ, മെഡിക്കല്‍ മാസ്‌കോ ഏതു വേണമെങ്കിലും മുഖം മറയ്ക്കുന്നതിന് ഉപയോഗിക്കാം എന്ന് ഉത്തരവില്‍ പറയുന്നു. 10 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും ഈ ഉത്തരവ് ബാധകമാണെന്നും ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് 1000 ഡോളര്‍ പിഴയടക്കേണ്ടി വരുമെന്നും എന്നാല്‍ മാസ്ക്ക് ഇല്ലാത്തവര്‍ക്ക് പൊലീസ് കുറഞ്ഞത് ഒരു മാസ്‌ക്കെങ്കിലും നല്‍കുമെന്ന് മേയര്‍ സില്‍വസ്റ്റര്‍ ടര്‍ണര്‍ അറിയിച്ചു. ഈ വിഷയത്തെക്കുറിച്ചു ബോധവല്‍ക്കരണം നടത്തുമെന്നും മേയര്‍ അറിയിച്ചു.

കൊറോണ വൈറസ് വ്യാപകമാക്കുന്നത് തടയുക എന്നതും സ്വയം സംരക്ഷിക്കേണ്ടത് ആവശ്യമാണെന്ന് ബോധ്യപ്പെട്ടതു കൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം സ്വീകരിക്കേണ്ടി വന്നതെന്നും എല്ലാവരും ഈ ഉത്തരവുമായി സഹകരിക്കണമെന്നും മേയര്‍ പറ!ഞ്ഞു.