ഉത്തർപ്രദേശിൽ സഹോദരിമാരായ പെൺകുട്ടികളെ ഒരു കൂട്ടം യുവാക്കൾ ഉപദ്രവിച്ചു. തുടർന്ന് അതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. റാംപുർ ജില്ലയിൽ പതിനാലോളം യുവാക്കൾ ചേർന്നാണ് പട്ടാപ്പകൽ പെൺകുട്ടികളെ ഉപദ്രവിച്ചത്. പെൺകുട്ടികളുടെ സഹോദരൻ ബൈക്കിൽ പെട്രോൾ നിറയ്ക്കാനായി പോയ സമയത്താണ് ബൈക്കിലെത്തിയ യുവാക്കൾ ഇവരെ തടഞ്ഞുനിർത്തി ഉപദ്രവിച്ചത്.
പോകാൻ അനുവദിക്കണമെന്ന് പെൺകുട്ടികൾ കരഞ്ഞപേക്ഷിക്കുന്നത് വിഡിയോയിലുണ്ട്. ദയ കാട്ടണമെന്ന് അപേക്ഷിച്ച് ഇവർ നിലവിളിക്കുമ്പോൾ, യുവാക്കൾ ചിരിക്കുന്നതും തമാശകൾ പറയുന്നതും അശ്ലീലച്ചുവയോടെ പെൺകുട്ടികളോട് ഇവർ സംസാരിക്കുന്നതും രണ്ടു മിനിറ്റോളം ദൈർഘ്യമുള്ള വിഡിയോയിലുണ്ട്. യുവാക്കളിലൊരാൾ ഒരു പെൺകുട്ടിയെ ഉയർത്തിയെടുത്ത് കൊണ്ടുപോകാൻ ശ്രമിക്കുന്നതും കാണാം. സംഭവം വിവാദമായതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം. ഇവരിൽ ഒരാൾ പിടിയായതായും റിപ്പോർട്ടുണ്ട്. പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അതിനിടെ, ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പെൺകുട്ടികൾ വീട്ടിലിരിക്കുന്നതാണ് നല്ലതെന്ന സമാജ്‌വാദി പാർട്ടി നേതാവും മുൻ യുപി മന്ത്രിയുമായ അസം ഖാന്റെ പ്രതികരണം വിവാദമായി. സ്ത്രീകളെ വീട്ടിലിരുത്താൻ പുരുഷൻമാരും ഇത്തരം പ്രദേശങ്ങളിൽ ചുറ്റിക്കറങ്ങാതിരിക്കാൻ സ്ത്രീകളും ശ്രദ്ധിക്കണമെന്നായിരുന്നു അസം ഖാന്റെ ‘ഉപദേശം’.
നേരത്തെ, ഉത്തർപ്രദേശിൽ ഒരു കുടുംബത്തിലെ നാലു പേരെ അക്രമികൾ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ സംഭവം വൻ വിവാദമായിരുന്നു. യമുന എക്സ്പ്രസ് ഹൈവേയിൽ ജുവാർ-ബുലന്ത്ഷെഹർ റോഡിൽ വാഹനം തടഞ്ഞു നിർത്തിയ അക്രമികൾ ഒരു കുടുംബത്തിലെ നാലു സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും എതിർക്കാൻ ശ്രമിച്ച ഇവരുടെ ബന്ധുവിനെ വെടിവച്ചു കൊലപ്പെടുത്തുകയുമായിരുന്നു. നാലു സ്ത്രീകൾ ഉൾപ്പെട്ട സംഘം ബുലന്ത്ഷെഹറിലെ ആശുപത്രിയിൽ കഴിയുന്ന ബന്ധുവിനെ സന്ദർശിച്ച ശേഷം മടങ്ങുമ്പോൾ സബോട്ട ഗ്രാമത്തിൽ വച്ചായിരുന്നു സംഭവം.