Wednesday, April 24, 2024
HomeNationalക‌ഞ്ചാവിന്‍റെ ഉപഭോഗം ഇന്ത്യയില്‍ നിയമവിധേയമാക്കണം-പതഞ്ജലി

ക‌ഞ്ചാവിന്‍റെ ഉപഭോഗം ഇന്ത്യയില്‍ നിയമവിധേയമാക്കണം-പതഞ്ജലി

ക‌ഞ്ചാവിന്‍റെ ഉപഭോഗം ഇന്ത്യയില്‍ നിയമവിധേയമാക്കണം എന്ന് ബാബാ രാംദേവിന്‍റെ കമ്ബനിയായ പതഞ്ജലിയുടെ മേധാവി ആചാര്യ ബാലകൃഷ്ണ. കഞ്ചാവിന്‍റെ ഔഷധമൂല്യത്തെപ്പറ്റി പതഞ്ജലി പഠനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. പ്രാചീനകാലം മുതലേ ഇന്ത്യയില്‍ കഞ്ചാവ് ഔഷധമായി ഉപയോഗിക്കുന്നുണ്ടെന്നും ക്വാര്‍ട്സ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പതഞ്ജലി സിഇഒ ആചാര്യ ബാലകൃഷ്ണ പറഞ്ഞു

ബ്രിട്ടീഷുകാരാണ് കഞ്ചാവ് കൃഷിയും വ്യാപാരവും ഉപയോഗവും നിരോധിച്ചതെന്നും കഞ്ചാവ് നിരോധനത്തിലൂടെ വിശാലമായ വിപണി സാധ്യതയാണ് ഇന്ത്യ അടച്ചിടുന്നതെന്നും ആചാര്യ ബാലകൃഷ്ണ പറയുന്നു. ഹരിദ്വാറിലെ പതഞ്ജലിയുടെ ഗവേഷണ കേന്ദ്രത്തില്‍ ഇരുന്നൂറോളം വിദഗ്ധരുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ വിവിധ ഔഷധ സസ്യങ്ങളെപ്പറ്റിയുള്ള പഠനം നടക്കുകയാണ്. പതഞ്ജലിയുടെ ഗവേഷണത്തില്‍ കഞ്ചാവും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

ആരോഗ്യകരമായ ജീവിതത്തിന് പ്രകൃതിയിലേക്ക് മടങ്ങുക എന്ന സന്ദേശത്തോടെ ഇന്ത്യന്‍ വിപണിയില്‍ ചുവടുറപ്പിച്ച പതഞ്ജലിക്ക് കണ്ണഞ്ചിപ്പിക്കുന്ന വളര്‍ച്ചയാണ് കുറഞ്ഞ കാലത്തിനിടെ ഉണ്ടായത്. പേഴ്സണല്‍ കെയര്‍ ഉത്പന്നങ്ങളും പാക്കറ്റിലടച്ച ഭക്ഷണ പദാര്‍ത്ഥങ്ങളും സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങളും മുതല്‍ ഒട്ടുമിക്ക നിത്യോപയോഗ ഉപഭോഗ വസ്തുക്കളിലേക്കും പതഞ്ജലിയുടെ വിപണി വലുതായി.

യോഗ ഗുരു ബാബാ രാംദേവിന് പെട്ടെന്ന് കിട്ടിയ ദേശീയ ശ്രദ്ധയും രാഷ്ട്രീയ പ്രാധാന്യവും പതഞ്ജലിയുടെ വിപണിയെ സഹായിച്ചു. അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ക്ക് പോലും വെല്ലുവിളി ഉയര്‍ത്തുന്ന നിലയിലേക്ക് രാജ്യത്ത് പതഞ്ജലിയുടെ വിപണി വളര്‍ന്ന് വികസിച്ചു. ഇതിനിടെയാണ് കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കണമെന്ന് പതഞ്ജലി ആവശ്യപ്പെടുന്നത്.

ആചാര്യ ബാലകൃഷ്ണ കഞ്ചാവ് നിയമവിധേയമാക്കണം എന്ന് ആവശ്യപ്പെടുന്നത് ഇതാദ്യമല്ല. 2004ല്‍ പുറത്തിറക്കിയ ഒരു യുട്യൂബ് വീഡിയോയിലും ബാലകൃഷ്ണ കഞ്ചാവിന്‍റെ ഔഷധമൂല്യത്തെപ്പറ്റി വാചാലനാകുന്നുണ്ട്. സ്വന്തം യുട്യൂബ് ചാനലിലൂടെ പതഞ്ജലി സിഇഒ ഇപ്പോഴും ഈ വീഡ‍ിയോ പ്രചരിപ്പിക്കുന്നുമുണ്ട്.
പല പടിഞ്ഞാറന്‍ രാജ്യങ്ങളിലും കഞ്ചാവ് ചെടിയില്‍ നിന്ന് പല മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും നിര്‍മ്മിക്കുന്നുണ്ടെന്നും ശരീരത്തിന് ഹാനികരമായ ലഹരിയുടെ ഘടകങ്ങള്‍ നീക്കം ചെയ്തതിന് ശേഷം കഞ്ചാവ് എങ്ങനെ ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കാം എന്നാണ് പതഞ്ജലി ഗവേഷണം നടത്തുന്നതെന്നും ആചാര്യ ബാലകൃഷ്ണ ക്വാര്‍ട്സ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. കഞ്ചാവ് നിരോധനം ഇല്ലാത്ത പടിഞ്ഞാറന്‍ രാജ്യങ്ങളിലെ വിപണിയും പതഞ്ജലി ലക്ഷ്യം വയ്ക്കുന്നുണ്ട്.


RELATED ARTICLES
- Advertisment -

Most Popular

Recent Comments