ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ നാട്ടാനകള്‍ക്കായുള്ള ഭക്ഷണ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ വനം – വന്യജീവി വകുപ്പ് മന്ത്രി കെ. രാജു നിര്‍വഹിക്കുന്നു.

നാട്ടാനകള്‍ക്കായുള്ള ഭക്ഷണ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം;
ഇരവിപേരൂരിലെ ആനകള്‍ക്ക് സുഖ ചികിത്സയോടൊപ്പം ഖരഭക്ഷണവും
സംസ്ഥാനത്തെ ഒരു മന്ത്രിയുടെ കൈയില്‍ നിന്നും ഭക്ഷണം വാങ്ങി കഴിക്കുവാന്‍ സാധിക്കുമെന്ന് നാരായണന്‍കുട്ടി സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. എന്നാല്‍ ‘ഗജ’ രാജയോഗത്തില്‍ അതും സാധ്യമായി. വനം – വന്യജീവി വകുപ്പ് മന്ത്രി കെ. രാജുവിന്റെ കൈയ്യില്‍ നിന്നാണ് നാരായണന്‍കുട്ടി എന്ന 49 വയസുകാരന്‍ ആനയ്ക്ക് തന്റെ ഇഷ്ട വിഭവങ്ങളില്‍ ഒന്നായ പഴക്കുല ലഭിച്ചത്. ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ നാട്ടാനകള്‍ക്കായുള്ള ഭക്ഷണ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി കെ.രാജു. ഇരവിപേരൂര്‍ പഞ്ചായത്തിലെ പുത്തന്‍കാവുമല നാരായണന്‍കുട്ടി,  ഓതറദേശം ശ്രീശങ്കരി, ശ്രീപാര്‍വതി എന്നീ ആനകള്‍ക്കാണ്  മന്ത്രി ഖരഭക്ഷണം വിതരണം ചെയ്തത്.


കോവിഡ് കാലഘട്ടത്തില്‍ സര്‍ക്കാര്‍ വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങളാണ് ചെയ്തു വരുന്നതെന്ന് മന്ത്രി കെ. രാജു പറഞ്ഞു. ക്ഷേമ നിധികളിലെ അംഗങ്ങള്‍ക്ക് ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങാതെ നല്‍കി വരുന്നു. പ്രകൃതി വിഭവങ്ങള്‍ മനുഷ്യര്‍ക്ക് മാത്രമുള്ളതല്ല. എല്ലാ ചരാചരങ്ങള്‍ക്കും വേണ്ടിയുള്ളതാണ്. അഞ്ച് കോടി രൂപയാണ് വളര്‍ത്തുമൃഗങ്ങള്‍ക്കും പട്ടിണി അനുഭവിക്കുന്ന മൃഗങ്ങള്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ വനം വകുപ്പിന് അനുവദിച്ചിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വളര്‍ത്തുമൃഗങ്ങള്‍ക്കാണ് മുന്‍ഗണന ലഭിക്കുന്നത്.  493 നാട്ടാനകളാണ് സംസ്ഥാനത്താകമാനം ഉള്ളത്. 253 നാട്ടാനകള്‍ക്കാണ് പദ്ധതി പ്രകാരം ഖരഭക്ഷണം വിതരണം ചെയ്യുന്നത്. ഒരു ആനയ്ക്ക് 400 രൂപയ്ക്കുള്ള ഭക്ഷണം നാല്‍പത് ദിവസത്തേക്ക് സര്‍ക്കാര്‍ നല്‍കുമെന്നും ഉദ്ഘാടന വേളയില്‍ മന്ത്രി പറഞ്ഞു.
ജില്ലയില്‍ നാല് ആനകളെയാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 40 ദിവത്തേക്ക് 120 കിലോ അരി, 120 കിലോ ഗോതമ്പ്, 120 കിലോ റാഗി, 20 കിലോ മുതിര, 16 കിലോ ചെറുപയര്‍, 400 ഗ്രാം മഞ്ഞള്‍പൊടി, നാലു കിലോ ശര്‍ക്കര, രണ്ടേകാല്‍ കിലോ ഉപ്പ് എന്നീ എട്ട് വിഭവങ്ങള്‍ അടങ്ങിയ കിറ്റാണ് വിതരണം ചെയ്തത്. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയ്ക്കു പുറമെ ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ആനകളുടെ സുഖചികിത്സക്കായി ലേഹ്യം നിര്‍മിക്കുന്നതിനുള്ള കിറ്റിന്റെ വിതരണം വീണാ ജോര്‍ജ് എംഎല്‍എ നിര്‍വഹിച്ചു.
വീണാ ജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍. രാജീവ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് അനസൂയദേവി, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ മാത്യു, മെമ്പര്‍മാരായ സാബു ചക്കുംമൂട്ടില്‍, സാലി ജേക്കബ്, വി.റ്റി. ശോശാമ്മ, എ.റ്റി. ജയപാല്‍, വി.കെ. ഓമനക്കുട്ടന്‍, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഒ.പി. രാജ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ തോമസ് എബ്രഹാം, വനംവകുപ്പ് റെയിഞ്ച് ഓഫീസര്‍ ഹിലാല്‍ ബാബു, മൃഗസംരക്ഷണ പ്രോജക്ട് ഓഫീസര്‍ ഡോ.ജ്യോതിഷ് ബാബു, സി.പി.ഐ ജില്ലാ സെക്രട്ടറി എപി ജയന്‍, ജിജി ജോര്‍ജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.