കാറിൽ ബോധം കെടുത്തി; കയർ മുറുക്കി മരണം ഉറപ്പിച്ചു…അഖില്‍ അറസ്റ്റിൽ

akhil- rakhi

അമ്പൂരിയില്‍ രാഖിയെന്ന പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും സൈനികനുമായ അഖില്‍ പോലിസ് പിടിയില്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍വച്ചാണ് അഖിലിനെ പിടികൂടിയത്. കൊലപാതകത്തിനുശേഷം അഖില്‍ കേരളം വിട്ടിരുന്നു. ഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്തേക്കെത്തിയ അഖിലിനെ പോലിസ് വിമാനത്താവളത്തില്‍വച്ച് അറസ്റ്റുചെയ്യുകയായിരുന്നു. ആളെ പെട്ടെന്ന് തിരിച്ചറിയാതിരിക്കാന്‍ മുഖത്തെ മീശയടക്കം വടിച്ചാണ് അഖിലെത്തിയത്. എന്നാല്‍, പോലിസ് ഇയാള്‍ വരുന്നുണ്ടെന്ന് വിവരം കിട്ടിയതിനെത്തുടര്‍ന്ന് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസില്‍ അറസ്റ്റിലായ അഖിലിന്റെ സഹോദരനും രണ്ടാം പ്രതിയുമായ രാഹുല്‍ കുറ്റം സമ്മതിച്ചിരുന്നു. കാറില്‍വച്ച് കഴുത്ത് ഞെരിച്ച് രാഖിയെ കൊന്നത് അഖിലാണെന്നായിരുന്നു മൊഴി. രാഖിയുടെ വസ്ത്രങ്ങളും മൊബൈലും പലയിടങ്ങളിലായി ഉപേക്ഷിച്ചശേഷമാണ് മൃതദേഹം കുഴിച്ചുമൂടിയതെന്നും മൊഴി നല്‍കിയിരുന്നു. ദുര്‍ഗന്ധം പുറത്തുവരാതിരിക്കാന്‍ മൃതദേഹത്തില്‍ ഉപ്പുവിതറി. പിടിക്കപ്പെടാതിരിക്കാന്‍ പറമ്പുമുഴുവന്‍ കിളച്ച് മറിയ്ക്കുകയും ചെയ്തു. ചോദിച്ചവരോടൊക്കെ കവുങ്ങ് നടാനാണ് പറമ്പുകിളയ്ക്കുന്നതെന്നാണ് പറഞ്ഞത്. നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡില്‍നിന്നാണ് രാഖിയെ കാറില്‍ കയറ്റി വീട്ടിലേക്ക് കൊണ്ടുവന്നതെന്ന് രാഹുല്‍ പറയുന്നു. ആദ്യം വാഹനം ഓടിച്ചിരുന്നത് അഖിലാണ്. വിവാഹത്തെച്ചൊല്ലി വാക്കുതര്‍ക്കമുണ്ടായതോടെ വാഹനം നിര്‍ത്തി അഖില്‍ പിന്‍സീറ്റിലേക്ക് പോയി. പിന്നെ താന്‍ വാഹനം ഓടിച്ചു. ഇതിനിടെ, മുന്‍സീറ്റിലിരുന്ന രാഖിയുടെ കഴുത്ത് അഖില്‍ ഞെരിച്ചു. അമ്പൂരിയിലെ വീട്ടിലെത്തിയ ശേഷം കയറുകൊണ്ട് കഴുത്ത് ഞെരിച്ച് രാഖിയുടെ മരണം ഉറപ്പാക്കിയത് താനാണെന്നും രാഹുല്‍ പോലിസിനോട് പറഞ്ഞു. കൊല നടത്താനുപയോഗിച്ച കാര്‍ തമിഴ്‌നാട്ടിലെ തൃപ്പരപ്പില്‍നിന്ന് പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തില്‍ പട്ടാളക്കാരനായ അഖില്‍ ഒന്നാം പ്രതിയും സഹോദരന്‍ രാഹുല്‍ രണ്ടാംപ്രതിയും സുഹൃത്ത് ആദര്‍ശ് മൂന്നാം പ്രതിയുമാണ്. ആദര്‍ശ് ഇപ്പോള്‍ റിമാന്‍ഡിലാണ്.