പോലീസുകാരെ തട്ടിവീഴ്‌ത്തി വിലങ്ങുമായി ദിലീപ് മുങ്ങി

arrest

പോലീസുകാരെ തട്ടിവീഴ്‌ത്തി വിലങ്ങുമായി രക്ഷപ്പെട്ട പ്രതിക്കു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി. കേന്ദ്രീകൃത ലോക്കപ്പ്‌ സൗകര്യമുള്ള മണര്‍കാട്‌ പോലീസ്‌ സ്‌റ്റേഷനില്‍ നിന്നുമാണ്‌ മോഷണക്കേസിലെ പ്രതിയായ പുതുപ്പള്ളി തലപ്പാടി തച്ചുകുന്ന്‌ മാളിയേക്കല്‍ ദിലീപ്‌ (19) വിലങ്ങുമായി രാത്രിയില്‍ രക്ഷപ്പെട്ടത്‌. വൈദ്യപരിശോധനയ്‌ക്കുശേഷം ജീപ്പില്‍നിന്നും ഇറക്കുമ്ബോഴായിരുന്നു സംഭവം. ദിലീപിനെ ഇന്നു കോടതിയില്‍ ഹാജരാക്കേണ്ടതായിരുന്നു.
പോലീസ്‌ കസ്‌റ്റഡിയില്‍ നിന്നും പ്രതി രക്ഷപ്പെട്ടത്‌ പോലീസിനു തന്നെ നാണക്കേടായി. പ്രതി ലോക്കപ്പില്‍ തൂങ്ങിമരിച്ച സംഭവം ഉണ്ടായിട്ട്‌ അധികനാള്‍ ആകുന്നതിനു മുമ്ബ്‌ മണര്‍കാട്‌ സ്‌റ്റേഷനില്‍ നിന്ന്‌ പ്രതി രക്ഷപ്പെട്ടത്‌ പോലീസിന്റെ പിടിപ്പുകേടാണെന്ന്‌ അന്വേഷണത്തില്‍ സഹായിക്കുന്ന നാട്ടുകാരും പറയുന്നു. വെള്ളിയാഴ്‌ച രാത്രിയിലാണ്‌ സംഭവം നടന്നത്‌. തുടര്‍ന്ന്‌ പോലീസും നാട്ടുകാരും ചേര്‍ന്ന്‌ അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്ബും ലഭിച്ചില്ല. ജില്ലയിലെയും ജില്ലയ്‌ക്ക് പുറത്തുള്ള സ്‌റ്റേഷനുകളിലും സന്ദേശം കൈമാറിയിട്ടുണ്ട്‌.
ബസ്‌ സ്‌റ്റാന്‍ഡുകളിലും റെയില്‍വേ സ്‌റ്റേഷനിലും അന്വേഷണം തുടരുകയാണ്‌. പോലീസുകാരുടെ വിവിധ സ്‌ക്വാഡുകള്‍ തിരിഞ്ഞാണ്‌ തിരച്ചില്‍ തുടരുന്നത്‌.
ഒരു കൈയിലെ വിലങ്ങ്‌ ആരും കാണാത്തവിധം മറയ്‌ക്കുവാന്‍ കഴിയുംവിധം ക്രമീകരിക്കുവാന്‍ കഴിയുമെന്നാണ്‌ വിദഗ്‌ദ്ധാഭിപ്രായം. കാരണം ദിലീപിന്റെ ഒരു കൈയില്‍ നിന്നും വിലങ്ങ്‌ ഊരുവാന്‍ കഴിയും. കുറച്ച്‌ കഷ്‌ടപ്പെടണമെന്നുമാത്രം. അങ്ങനെ ഊരിയാല്‍ മറുകൈയിലെ വിലങ്ങ്‌ തുണികൊണ്ട്‌ കെട്ടി നാട്ടുകാരുടെ ശ്രദ്ധയില്‍ നിന്ന്‌ മറയ്‌ക്കുവാന്‍ കഴിയും.
മോഷണത്തില്‍ മുന്‍ പരിചയമുള്ള ദിലീപിനെ ഈ രംഗത്തുനിന്നുള്ള മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരിക്കാമെന്നാണ്‌ പോലീസ്‌ പറയുന്നത്‌. പോലീസിനെ തട്ടിയിട്ടശേഷം രക്ഷപ്പെട്ട ദിലീപിനെ മറ്റാരെങ്കിലും ബൈക്കില്‍ കടത്തിക്കൊണ്ടുപോകാനുള്ള സാദ്ധ്യതയും പോലീസ്‌ തള്ളിക്കളയുന്നില്ല. ദിലീപിന്റെ ആക്രമണത്തില്‍ താഴെ വീണ സിവില്‍ പോലീസ്‌ ഓഫീസര്‍ ഫെര്‍ണാണ്ടസ്‌ രണ്ടുദിവസം മുമ്ബാണ്‌ പാമ്ബാടിയില്‍ നിന്ന്‌ മണര്‍കാട്ടേക്ക്‌ സ്‌ഥലംമാറി വന്നത്‌. മറ്റൊരു പോലീസുകാരനും എ.എസ്‌.ഐയും സംഭവസമയത്ത്‌ ഉണ്ടായിരുന്നു. ഇന്നു രാവിലെ വരെ ദിലീപിനെ പിടിക്കുവാന്‍ ജില്ലാ പോലീസ്‌ ചീഫ്‌ സമയം അനുവദിച്ചിട്ടുണ്ട്‌. പ്രതിയെ പിടികൂടാന്‍ കഴിഞ്ഞില്ലേല്‍ പോലീസുകാര്‍ക്കെതിരേ നടപടിയുണ്ടാകും.
സ്‌റ്റേഷനില്‍ നിന്നു രക്ഷപെട്ട പ്രതി ദിലീപ്‌ ആദ്യം അറസ്‌റ്റിലാകുന്നതു പതിനഞ്ചാം വയസില്‍ പീഡനക്കേസില്‍. ശിക്ഷകഴിഞ്ഞു പുറത്തിറങ്ങിയ ശേഷം മറ്റൊരു പീഡനക്കേസിലും, മൂന്നു മോഷണക്കേസിലും പ്രതി കുടുങ്ങുകയും ചെയ്‌തു. 2014 ല്‍ ഈസ്‌റ്റ്‌ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത പീഡനക്കേസിലാണു ദിലീപ്‌ ആദ്യമായി അറസറ്റിലാകുന്നത്‌. ഈ കേസില്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയ ദിലീപ്‌ കഞ്ഞിക്കുഴിയിലെ കടയില്‍ മോഷണം നടത്തി വീണ്ടും അറസ്‌റ്റിലായി. പിന്നീടു മണര്‍കാട്‌ പോലീസ്‌ സ്‌റ്റേഷനില്‍ മോഷണക്കേസും, പാമ്ബാടി പോലീസ്‌ സ്‌റ്റേഷനില്‍ മറ്റൊരു പോക്‌സോ കേസിലും ദിലീപ്‌ പ്രതിയാണ്‌.