സർക്കാർ സഹായമായി അനുവദിച്ച പണം ഉപയോഗിച്ച് ആഡംബര കാർ വാങ്ങി അറസ്റ്റിൽ

മയാമി (ഫ്ലോറിഡ) ∙ കോവിഡ്19 മഹാമാരിയെ തുടർന്നു ചെറുകിട വ്യവസായങ്ങൾക്ക് ഫെഡറൽ ധനസഹായമായി അനുവദിച്ച പെ ചെക്ക്  പ്രൊട്ടക്ഷൻ പ്ലാൻ (പിപിപി) ഫണ്ട് ഉപയോഗിച്ചു ആഡംബര കാറായ ലംബോർഗനി വാങ്ങിയ ഫ്ലോറിഡയിൽ നിന്നുള്ള ഡേവിഡ് ഹെനീസിനെ പൊലീസ് അറസ്റ്റു ചെയ്തു. 318000 ഡോളറാണ് കാറിന് വിലയായി നൽകിയത്. താൻ നടത്തിയിരുന്നുവെന്നു പറയപ്പെടുന്ന ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷനുകൾക്ക് നഷ്ടപരിഹാരമായി 13.5 മില്യൻ ഡോളറാണ് ഇയ്യാൾ ഫെഡറൽ ഫണ്ടിൽ നിന്നും അപേക്ഷ നൽകി ആവശ്യപ്പെട്ടത്. 3.9 മില്യൻ ഡോളർ പിപിപി ലോൺ ആയി ലഭിക്കുകയും ചെയ്തു.

പേ റോളിനെ സംബന്ധിച്ചു തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെടുത്തിയതായി പരാതി ലഭിച്ചതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ തട്ടിപ്പ് പുറത്തായത്. ഡേവിഡ് ഹെനീസിൽ നിന്നും ആഡംബര കാറും 3.4 ബില്യൻ ഡോളർ ബാങ്ക് അക്കൗണ്ടും പൊലീസ് പിടിച്ചെടുത്തു.


കോവിഡ് വ്യാപനത്തെ തുടർന്നു സാമ്പത്തിക പരാധീനത അനുഭവിക്കുന്ന മില്യൻ കണക്കിനു അമേരിക്കക്കാരെ സഹായിക്കുന്നതിന് മാറ്റിവെച്ച ഫെഡറൽ ഫണ്ടിന്റെ ഭാഗമായി പിപിപി ദുരുപയോഗം ചെയ്യുന്നത് ഗുരുതരമായ കുറ്റമാണ്. ഇത്തരം തട്ടിപ്പു നടത്തുന്നവർക്കെതിരെ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.