റാന്നി മിനി സിവില്‍ സ്‌റ്റേഷന്റെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

റാന്നിയുടെ വികസന കുതിപ്പിന് ശക്തിപകര്‍ന്ന് റാന്നി മിനി സിവില്‍ സ്‌റ്റേഷന്റെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നാലു കോടി രൂപ മുടക്കി രണ്ടു നിലകള്‍ കൂടിയാണു നിര്‍മ്മിക്കുക. ഇതോടെ അഞ്ചു നിലകളായി നിര്‍മ്മിക്കേണ്ട ബ്ലോക്ക് നമ്പര്‍ ഒന്നിന്റെ ഗ്രൗണ്ട് ഫ്‌ളോര്‍ 1, 2 എന്നീ നിലകളില്‍ പൂര്‍ത്തിയാകും. ഇപ്പോള്‍ ഗ്രൗണ്ട് ഫ്‌ളോര്‍ മാത്രമാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഫയര്‍ഫോഴ്‌സിന് ഉള്ള മഴവെള്ള സംഭരണി, കെട്ടിടത്തിന്റെ വൈദ്യുതീകരണം,  പ്ലംബിങ് തുടങ്ങി എല്ലാ പ്രവര്‍ത്തികളും ഉള്‍പ്പെടെയാണ് നാലു കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുള്ളത്. ഒന്നര വര്‍ഷമാണ് പൂര്‍ത്തീകരണ കാലാവധി. റാന്നി ഡോറ ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് കരാര്‍.   നിര്‍മ്മാണോദ്ഘാടനം രാജു എബ്രഹാം എംഎല്‍എ നിര്‍വഹിച്ചു. റാന്നി പഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരന്‍ അധ്യക്ഷയായി. പൊതുമരാമത്ത് വകുപ്പ് എക്‌സി. എഞ്ചിനീയര്‍ ഹരീഷ് കുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പി അജി, വാര്‍ഡ് മെമ്പര്‍ സിന്ധു സഞ്ജയന്‍, അസി.എക്‌സി.എന്‍ജിനീയര്‍ ബാബുരാജന്‍. അസി.എന്‍ിനീയര്‍ സുഷമ ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു.