മനുഷ്യാവകാശ-ദളിത് പ്രവര്‍ത്തകരുടെയും ഇടതുപക്ഷ ചിന്തകരുടെയും വസതികളില്‍ വ്യാപക റെയ്ഡ്

police

രാജ്യത്ത് ജനാധിപത്യധ്വംസനത്തിന്റേതായ ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ മനുഷ്യാവകാശ-ദളിത് പ്രവര്‍ത്തകരുടെയും ഇടതുപക്ഷ ചിന്തകരുടെയും വസതികളില്‍ വ്യാപക പൊലീസ് റെയ്ഡ്. മഹാരാഷ്ട്ര പൊലീസ് കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ നടത്തിയ റെയ്ഡുകളെതുടര്‍ന്ന് വിപ്ലവ കവി വരവര റാവു അടക്കം നാലുപേരെ അറസ്റ്റുചെയ്തു. ഗൗതം നവ്ലഖ(ഹരിയാന), സുധ ഭരദ്വാജ്(ഹരിയാന), വേനോണ്‍ ഗൊണ്‍സാലസ്(മുംബൈ) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. ഡല്‍ഹി, മഹാരാഷ്ട്ര, തെലങ്കാന, ജാര്‍ഖണ്ഡ്, ഗോവ, ഹരിയാന എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച റെയ്ഡുകള്‍ നടന്നത്. ഇക്കഴിഞ്ഞ ജനുവരി ഒന്നിനു മഹാരാഷ്ട്രയിലെ ഭീമ കൊറഗാവിലുണ്ടായ കലാപത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ തുടര്‍ച്ചയായാണ് റെയ്ഡുകളും അറസ്റ്റുമെന്ന് പൊലീസ് പറയുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസും ഇതിനോട് ബന്ധിപ്പിക്കുന്നുണ്ട്. സര്‍ക്കാര്‍ രാജ്യത്ത് ജനാധിപത്യസ്വാതന്ത്ര്യവും പൗരാവകാശങ്ങളും അടിച്ചമര്‍ത്തുകയാണെന്ന് പ്രതിപക്ഷപാര്‍ടികള്‍ പ്രതികരിച്ചു. ഹൈദരാബാദിലെ ഫ്ളാറ്റില്‍നിന്നാണ് വരവര റാവുവിനെ അറസ്റ്റുചെയ്തത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും റാവുവിന്റെ മരുമകനുമായ കെ വി കര്‍മനാഥ്, ഫോട്ടോഗ്രഫര്‍ ടി ക്രാന്തി എന്നിവരുടെ ഫ്ളാറ്റുകളിലും മഹാരാഷ്ട്ര-തെലങ്കാന പൊലീസുകളുടെ സംയുക്തസംഘം റെയ്ഡ് നടത്തി. ആദിവാസികള്‍ക്കും ദളിതര്‍ക്കും വേണ്ടി സംസാരിക്കുന്നവരുടെ ശബ്ദം അടിച്ചമര്‍ത്താനാണ് റാവുവിനെ അറസ്റ്റുചെയ്തതെന്ന് അദ്ദേഹത്തിന്റെ അനന്തിരവനും മാധ്യമപ്രവര്‍ത്തകനുമായ വേണുഗോപാല്‍ പറഞ്ഞു. പ്രധാനമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസുമായി റാവുവിനു ബന്ധമുണ്ടെന്ന ആരോപണം കെട്ടുകഥയാണ്. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കളെയും മരുമക്കളെയും കൂടി അധികാരികള്‍ വേട്ടയാടുകയാണ്. കേന്ദ്രസര്‍ക്കാര്‍, മഹാരാഷ്ട്ര-തെലങ്കാന സര്‍ക്കാരുകളുടെ സഹായത്തോടെ ജനാധിപത്യശബ്ദങ്ങളെ അടിച്ചമര്‍ത്തുകയാണെണന്ന് അദ്ദേഹം പറഞ്ഞു. യുഎപിഎ ഉള്‍പ്പടെ ചുമത്തിയാണ് സുധ ഭരദ്വാജിനെ ഹരിയാന സൂരജ്കുണ്ഡിലെ വസതിയില്‍നിന്ന് അറസ്റ്റുചെയ്തത്. ഇവരുടെ വസതിയില്‍നിന്ന് രണ്ട് വീതം ലാപ്പ്ടോപ്പുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയും പെന്‍ഡ്രൈവും പൊലീസ് പിടിച്ചെടുത്തതായി വിവരമറിഞ്ഞെത്തിയ പ്രൊഫ. ജയതി ഘോഷ് പറഞ്ഞു. ജിമെയിലിന്റെയും സാമൂഹികമാധ്യമ അക്കൗണ്ടുകളുടെയും പാസ്വേര്‍ഡുകള്‍ പൊലീസ് നിര്‍ബന്ധപൂര്‍വം ചോദിച്ചെടുത്തു. ഒഴിഞ്ഞ പേജുകളുള്ള ഡയറികളും പൊലീസ് കൊണ്ടുപോയി. വ്യാജതെളിവുകളുണ്ടാക്കാന്‍ ഇവയൊക്കെ പൊലീസ് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ജയതി ഘോഷ് ചൂണ്ടിക്കാട്ടി. സുധ ഭരദ്വാജിനെ ഫരീദാബാദ് കോടതിയില്‍ ഹാജരാക്കി. റിമാന്‍ഡ് അപേക്ഷ ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തി നല്‍കാന്‍ ജഡ്ജി അന്വേഷണ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടു. ഡല്‍ഹി നെഹ്റുഎന്‍ക്ലെയ്വിലെ വീട്ടില്‍നിന്ന് അറസ്റ്റുചെയ്ത ഗൗതം നവ്ലഖയെ മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോകാനുള്ള പൊലീസിന്റെ അപേക്ഷ ഡല്‍ഹി ഹൈക്കോടതി തടഞ്ഞു. തല്‍ക്കാലം ഗൗതം വീട്ടുതടങ്കലില്‍ തുടരും. മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗൗതമിന്റെ വീട്ടില്‍നിന്നും ലാപ്ടോപ്പും മൊബൈലും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മഹാരാഷ്ട്രയില്‍ വെനോണ്‍ ഗൊണ്‍സാലസിന്റെ വീട്ടിനു പുറമെ അഭിഭാഷകരായ അരുണ്‍ ഫെരേര, സൂസന്‍ എബ്രഹാം എന്നിവരുടെ ഫ്ളാറ്റുകളിലും പൊലീസ് തെരച്ചില്‍ നടത്തി. മഹാരാഷ്ട്രയിലെ ഭീമ കൊറഗാവില്‍ അതിക്രമത്തിനു ഇരകളായ ദളിതരുടെ കേസുകള്‍ കൈകാര്യം ചെയ്യുന്നത് ഇവരാണ്. ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ആദിവാസികുട്ടികള്‍ക്ക് വേണ്ടി സ്കൂള്‍ നടത്തുന്ന ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ താമസസ്ഥലത്തും റെയ്ഡ് നടന്നു. ഇദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തില്ല. ഗോവയിലെ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാനേജ്മെന്റിലെ പ്രൊഫ. ആനന്ദ് തെല്‍തുംബഡെയുടെ വീട്ടിലും പൊലീസെത്തി. എന്നാല്‍, അദ്ദേഹം സ്ഥലത്തില്ലായിരുന്നു. ദളിത് നിരീക്ഷകനും എഴുത്തുകാരനുമാണ് തെല്‍തുംബ്ഡെ. ഇതേ കേസില്‍ ജൂണ്‍ ആറിന്, പ്രൊഫ. ഷോമ സെന്‍, റോണ വില്‍സണ്‍, സുരേന്ദ്ര ഗാഡ്ലിങ്, മഹേഷ് റാവത്ത്, സുധീര്‍ ധാവ്ലെ എന്നിവരെ പുണെ പൊലീസ് അറസ്റ്റുചെയ്തിരുന്നു.