Saturday, April 20, 2024
Homeപ്രാദേശികംറെയില്‍വേയുടെ ഓണ്‍ലൈന്‍ പ്രീമിയം ടിക്കറ്റ് എടുത്ത് വില്‍പ്പന നടത്തിയിരുന്ന ബംഗാളികൾ പിടിയിൽ

റെയില്‍വേയുടെ ഓണ്‍ലൈന്‍ പ്രീമിയം ടിക്കറ്റ് എടുത്ത് വില്‍പ്പന നടത്തിയിരുന്ന ബംഗാളികൾ പിടിയിൽ

വ്യാജ ഐ.ഡി. ഉപയോഗിച്ച്‌ വന്‍തോതില്‍ റെയില്‍വേയുടെ ഓണ്‍ലൈന്‍ പ്രീമിയം ടിക്കറ്റ് എടുത്ത് വില്‍പ്പന നടത്തിയിരുന്ന മൂന്നു ബംഗാള്‍ സ്വദേശികള്‍ ആര്‍.പി.എഫിന്റെ പിടിയിലായി. ബംഗാള്‍ മാള്‍ഡ സ്വദേശി മുസ്ലിം അന്‍സാരി (27) സുഖ്ദേബ്പൂര്‍ സ്വദേശികളായ നന്ദലാല്‍ മണ്ഡല്‍ (39), ബിപ്ലബ്പോള്‍ (29) എന്നിവരാണ് ചെങ്ങന്നൂര്‍ ആര്‍.പി.എഫിന്റെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. ഇവരുടെ പക്കല്‍ നിന്നും അഞ്ച് ലക്ഷം രൂപയുടെ ടിക്കറ്റ് കണ്ടെടുത്തു.

തട്ടിപ്പ് നടത്താന്‍ വേണ്ടി അന്‍പതില്‍പരം വ്യാജ ഐ.ഡികള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ച ലാപ്ടോപ്പും കണ്ടെടുത്തു. മുസ്ലിം അന്‍സാരിക്കാണ് സംഘത്തിന്റെ നേതൃത്വം. ഇയാളാണ് ലാപ്ടോപ് ഉപയോഗിച്ച്‌ ഓണ്‍ലൈനില്‍ ടിക്കറ്റ് എടുത്തിരുന്നത്. മറ്റ് രണ്ടുപേര്‍ ഇവ ആവശ്യക്കാര്‍ക്ക് കൈമാറുകയാണ് പതിവ്. കഴിഞ്ഞദിവസം ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആര്‍.പി.എഫ്. നടത്തിയ സംയുക്ത പരിശോധനയില്‍ നിരവധി ടിക്കറ്റുകളുമായി ബിപ്ലബ് ആണ് ആദ്യം പിടിയിലാകുന്നത്.

ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് നന്ദലാലിനെയും അന്‍സാരിയെയും പറ്റി വിവരം ലഭിക്കുന്നത്. നന്ദലാലിനെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും അന്‍സാരിയെ പന്തളത്തെ ബംഗാളികള്‍ താമസിച്ചിരുന്ന കേന്ദ്രത്തില്‍ നിന്നുമാണ് പിടികൂടിയത്. ടിക്കറ്റുകള്‍ ഇതര സംസ്ഥാനക്കാര്‍ക്കാണ് ഇവര്‍ വിറ്റിരുന്നത്. മലയാളികള്‍ ആരും ഇവരുടെ ഇടപാടുകാര്‍ അല്ല.

സാധാരണ ഓണ്‍ലൈന്‍ ടിക്കറ്റുകളും ഇവര്‍ എടുത്തിരുന്നു. പിടിയിലായ മൂവരില്‍ നന്ദലാല്‍ മണ്ഡലിന് മാത്രമാണ് പ്രഥമിക വിദ്യാഭ്യാസം ഉള്ളത്. പ്രതികളില്‍ നിന്നും പിടികൂടിയ ടിക്കറ്റുകളില്‍ 80 ശതമാനവും ഫ്ളൈറ്റ് ചാര്‍ജ്ജിനൊപ്പമുള്ള പ്രീമിയം തല്‍കാല്‍ ടിക്കറ്റുകളാണ്. കേസ് ഐ.ബിക്ക് കൈമാറിയേക്കുമെന്ന് ആര്‍.പി.എഫ്. വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇവരുടെ മൊബൈല്‍ ഫോണുകളും പരിശോധനക്കായി കസ്റ്റഡിയിലെടുത്തു. ആര്‍.പി.എഫ്. ചെങ്ങന്നൂര്‍ സി.ഐ. ആര്‍.എസ്. രാജേഷിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ. കെ.എസ്. മണികണ്ഠന്‍, രജിത്ത് കുമാര്‍, എം.ജി രാജഗോപാല്‍, പി. പ്രസന്നകുമാര്‍, രാധാകൃഷ്ണ പിള്ള, വര്‍ഗീസ് ഐപ്പ് എന്നിവരാണ് പ്രതികളെ പിടിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments