പ്രതിയുടെ കുഞ്ഞിനെ മുലയൂട്ടി,പോലീസ് ഉദ്യോഗസ്ഥയാണ് താരം

police feeding

ഒരു പോലീസ് ഉദ്യോഗസ്ഥയാണ് സമൂഹ മാധ്യമങ്ങളിലെ പുതിയ താരം. നീല യൂണിഫോം ധരിച്ച് കുഞ്ഞിനെ മുലയൂട്ടുന്ന ചൈനക്കാരിയായ പോലീസ്. അമ്മ കുഞ്ഞിനെ മുലയൂട്ടുന്നതില്‍ പുതുമ എന്തിരിക്കുന്നു എന്നാണോ…? ഈ പോലീസ് ഉദ്യോഗസ്ഥ മുലയൂട്ടുന്നത് സ്വന്തം കുഞ്ഞിനെ ആയിരുന്നില്ല. തട്ടിപ്പു കേസില്‍ പിടിയിലായ ഒരു യുവതിയുടെ കുഞ്ഞിനെയാണ്.

സെന്‍ട്രല്‍ ചൈനയിലെ ഷാന്‍സി ജിന്‍സോങ് ഇന്റര്‍മീഡിയറ്റ് പീപ്പിള്‍സ് കോര്‍ട്ടിലാണ് സംഭവം. വിചാരണയ്ക്കായി കയറുന്നതിന് മുന്‍പ് പ്രതിയായ യുവതി തന്റെ കൈക്കുഞ്ഞിനെ ഹാവോ ലിന എന്ന പോലീസ് ഉദ്യോഗസ്ഥയെ ഏല്‍പ്പിക്കുകയായിരുന്നു. സമയം മുന്നോട്ടു പോയതോടെ കുഞ്ഞ് വിശന്ന് കരയാന്‍ തുടങ്ങി. ഇതോടെ ഉദ്യോഗസ്ഥര്‍ ആകെ പരിഭ്രാന്തരായി.

ഈ സമയത്താണ് കുഞ്ഞിനെ ശാന്തയാക്കേണ്ടത് തന്റെ കൂടി കടമയാണെന്ന് കരുതിയ ഉദ്യോഗസ്ഥ മടിക്കാതെ കുഞ്ഞിന് മുലയൂട്ടിയത്. ഇവരുടെ സഹപ്രവര്‍ത്തകരില്‍ ഒരാളാണ് ഈ വൈകാരിക രംഗം ക്യാമറയിലാക്കിയത്. അതേസമയം, ‘തന്റെ സ്ഥാനത്ത് ആരാണെങ്കിലും ഇതു തന്നെ ചെയ്യും’എന്നാണ് ഉദ്യോഗസ്ഥയുടെ പ്രതികരണം.