കോതമംഗലം മാര്‍തോമ ചെറിയ പള്ളിയില്‍ ഓര്‍ത്തഡോക്സ് – യാക്കോബായ സംഘർഷം

kothamanagalam

സുപ്രീംകോടതി വിധിപ്രകാരം കോതമംഗലം മാര്‍തോമ ചെറിയ പള്ളിയില്‍ പ്രവേശിക്കാനെത്തിയ ഓര്‍ത്തഡോക്സ് സഭാംഗങ്ങളെ ഗേറ്റില്‍ ചങ്ങലയിട്ട് തടഞ്ഞ് യാക്കോബായ സഭ. കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍ നാലു മണിക്കൂറിനു ശേഷം പിന്മാറി. പോലീസ് പിന്തുണ നല്‍കിയില്ലെന്നും നിയമ നടപടി സ്വീകരിക്കുമെന്നും തോമസ് പോള്‍ റമ്ബാന്‍ പറഞ്ഞു.

സുപ്രീംകോടതി വിധി പ്രകാരം രാവിലെ 10 മണിയോടെയാണ് തോമസ് പോള്‍ റമ്ബാന്റെ നേതൃത്വത്തില്‍ വൈദികരും വിശ്വാസികളുമടക്കം അമ്ബതോളം പേര്‍ മാര്‍ത്തോമാ ചെറിയപള്ളിയില്‍ പ്രവേശിക്കാനെത്തിയത്. എന്നാല്‍ യാക്കോബായ വിശ്വാസികളുടെ ഭാഗത്തുനിന്ന് പ്രതിഷേധവും ചെറുത്തുനില്‍പും ഉണ്ടായി. വന്‍ പൊലീസ് സന്നാഹത്തിന്റെ അകമ്ബടിയോടെയാണ് മൂന്ന് മെത്രാപ്പോലീത്തമാരും, റമ്ബാനും, വൈദികരും വിശ്വാസികളും അടങ്ങുന്ന ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍ കോതമംഗലം മാര്‍തോമ ചെറിയ പള്ളിയില്‍ എത്തിയത്.

രാവിലെ മുതല്‍ പള്ളിയില്‍ തടിച്ചു കൂടിയ യാക്കോബായ വിശ്വാസികള്‍ ഗേറ്റില്‍ വച്ച്‌ സംഘത്തെ തടഞ്ഞു. ചങ്ങലയിട്ട് ഗേറ്റും, ഒപ്പം രണ്ടു വൈദികരെയും പൂട്ടിയിട്ട യാക്കോബായ സഭ പിന്‍മാറില്ലെന്ന നിലപാടില്‍ ഉറച്ചു നിന്നു. പോലീസും റവന്യൂ ഉദ്യോഗസ്ഥരും നടത്തിയ അനുനയശ്രമങ്ങളും, മുന്നറിയിപ്പുകളും യാക്കോബായ സഭാംഗങ്ങള്‍ തള്ളി. തുടര്‍ന്ന് പോലീസ് പിന്തുണ നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ പിന്മാറുകയാണെന്ന് ഉച്ചക്കു ശേഷം ഓര്‍ത്തഡോക്സ് സഭ പ്രഖ്യാപിച്ചു. ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍ പിന്മാറിയതോടെ യാക്കോബായക്കാര്‍ ആഹ്ലാദപ്രകടനം നടത്തി.

ഓര്‍ത്തഡോക്‌സ് വിഭാഗം വൈദികര്‍ക്കും തോമസ് റമ്ബാനും സുരക്ഷയൊരുക്കുക മാത്രമാണ് തങ്ങളുടെ ഉത്തരവാദിത്വമെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. കോടതി ഉത്തരവ് നടപ്പിലാക്കാനുള്ള ചുമതല തങ്ങള്‍ക്കില്ലെന്നും വിഷയത്തില്‍ ഇടപെടില്ലെന്നും പോലീസ് വ്യക്തമാക്കി.