ഹോക്കി ലോകകപ്പില്‍ തുടക്കത്തിൽ തന്നെ ഇന്ത്യ വിജയ സോപാനത്തിൽ

India vs South Africa, Hockey World Cup 2018 highlights India start World Cup with 5-0 hammering of South Africa

പതിനാലാമത് ഹോക്കി ലോകകപ്പില്‍ ഇന്ത്യ തുടക്കത്തിൽ തന്നെ വിജയ സോപാനത്തിൽ. പൂള്‍ സിയിലെ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ദക്ഷിണാഫ്രിക്കയെ ഇന്ത്യ തോല്‍പിച്ച്‌ തകര്‍പ്പന്‍ ജയം കൈവരിച്ചത്.ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴുമണി മുതലാണ് മത്സരം നടന്നത്. സിമ്രന്‍ജിത് സിംഗിന്റെ ഇരട്ട ഗോള്‍ മികവിലാണ് ഇന്ത്യന്‍ തുടക്കം ഗംഭീരമാക്കിയത്.

10-ാം മിനിറ്റില്‍ മന്ദീപ് സിംഗിലൂടെയാണ് ഇന്ത്യ ആദ്യ ഗോളടിച്ചത്. 12-ാം മിനിറ്റില്‍ ഇന്ത്യയുടെ ലീഡ് ആകാശ്ദീപ് ഉയര്‍ത്തി. ആദ്യ പകുതി അവസാനിപ്പിച്ച മികവില്‍ രണ്ടാം പകുതിയിലും ഇന്ത്യ തുടര്‍ന്നു. 43-ാം മിനിറ്റില്‍ സിമ്രാന്‍ജിത് ഇന്ത്യയുടെ ലീഡ് മൂന്നാക്കിമാറ്റി. 45-ാം മിനിറ്റില്‍ ലളിത് ഉപാധ്യയുടെ ഗോള്‍ പിറന്നു. തൊട്ടടുത്ത മിനിറ്റില്‍ സിമ്രന്‍ജിത് ഇന്ത്യയുടെ അഞ്ചാമത്തെയും തന്റെ രണ്ടാമത്തെ ഗോളും പൂര്‍ത്തിയാക്കി.സ്റ്റാര്‍ സ്‌പോര്‍ട്‌സ് സെലക്ട് 1, സ്റ്റാര്‍ സ്‌പോര്‍ട്‌സ് സെലക്ട് 1 എച്ച് ഡിയിലും ഓണ്‍ലൈനിലൂടെ ഹോട്ട്‌സ്റ്റാറിലും കളി തത്സമയം സംപ്രേഷണം ചെയ്തിരുന്നു.

പന്തടക്കത്തിലും മുന്നേറ്റത്തിലും അങ്ങേയറ്റത്തെ മികവു പുലര്‍ത്തിയ ഇന്ത്യന്‍ ടീമിന് മുന്നില്‍ ദക്ഷിണാഫ്രിക്ക നിഷ്പ്രഭമായി. അതേ സമയം ദക്ഷിണാഫ്രിക്കന്‍ ആക്രമണങ്ങള്‍ ഇന്ത്യന്‍ പ്രതിരോധ കോട്ടയിൽ തട്ടി തകര്‍ന്നു പോയി . കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ ഇതോടെ സന്ദര്‍ശകര്‍ക്ക് കഴിഞ്ഞില്ല. യുവതാരങ്ങളും പരിചയസമ്പന്നരും ഒത്തുചേര്‍ന്ന സമതുലിതമായ ടീമിനെയാണ് ഇന്ത്യ മത്സരിച്ചു തോല്പിച്ചത് . 1975-ല്‍ ഹോളണ്ടില്‍ നടന്ന ടൂര്‍ണമെന്റിനുശേഷം ഇന്ത്യയ്ക്ക് ലോകകപ്പ് നേടാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ അത് നേടിയെടുക്കാന്‍ പരിശീലകന്‍ ഹരേന്ദ്ര സിങ്ങിന്റെ ശിഷ്യന്മാര്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെന്നു നിരൂപകർ വിലയിരുത്തുന്നു.എട്ടുതവണ ഒളിമ്പിക്‌സ് ചാമ്പ്യന്മാരായിരുന്ന ഇന്ത്യ ഇപ്പോൾ പ്രതാപകാലത്തേക്കുള്ള തിരിച്ചുപോക്കിലാണ്.

ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ യൂറോപ്യന്‍ കരുത്തരായ ബെല്‍ജിയം കാനഡയെ 2-1 എന്ന സ്‌കോറിന് തോല്‍പ്പിച്ചിരുന്നു. ഡിസംബര്‍ 2 ന് കരുത്തരായ ബൽജിയത്തിനെതിരെയാണ് ഇന്ത്യയുടെ അടുത്ത പോരാട്ടം. ഡിസംബര്‍ 8 നാണ് കാനഡയുമായുള്ള അവസാന പൂള്‍ മത്സരം.