ട്രെയിൻ പാളം തെറ്റി ; 2 മരണം

ഉത്തർപ്രദേശിലെ കാൻപൂരിൽ അജ്മീർ – സിയാൽഡ എക്സ്പ്രസ് (12988) ട്രെയിനിന്റെ 15 ബോഗികൾ പാളംതെറ്റി. കാൻപൂരിൽനിന്ന് 70 കിലോമീറ്റർ അകലെ റൂറ – മേത്ത മേഖലയ്ക്കിടയിലാണ് സംഭവം. പുലർച്ചെ 5:30 നാണു അപകടം നടന്നത്.
46 ലേറെ പേർക്ക് പരുക്കേറ്റതായാണ് ഇപ്പോൾ കിട്ടിയ വിവരം. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ അറുപതില്‍പരം ആളുകളുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് പ്രാഥമിക വിവരം.  സ്ലീപ്പർ ബോഗികളിലും ജനറൽ ബോഗികളിലും നിരവധിപേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഡോക്ടര്‍മാരും മുതിര്‍ന്ന റെയില്‍വെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല. റയിൽവേ മന്ത്രി സുരേഷ് പ്രഭു ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. കൂടാതെ ഇറ്റാവയിൽനിന്നും കാൻപൂരിൽനിന്നും കൂടുതൽ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകണമെന്ന് റെയിൽവേ മന്ത്രി നിർദേശിച്ചിട്ടുമുണ്ട്‌. കാൻപൂർ റൂട്ടിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. കാണ്‍പുരിലെ ദെഹത് ജില്ലയില്‍ 140ലേറെ പേരുടെ ജീവനെടുത്ത ഇന്‍ഡോര്‍ – പട്ന എക്സ്പ്രസ് അപകടം നടന്നിട്ടു  ഒരു മാസം കഴിയുമ്പോഴാണ്  ഇവിടെ വീണ്ടും ട്രെയിന്‍ പാളം തെറ്റിയിരിക്കുന്നത്.