താഴ്ന്നു പറക്കുന്ന ശത്രു മിസൈലുകളെ ആക്രമിക്കാന്‍ ഇന്റര്‍സെപ്റ്റര്‍ മിസൈല്‍

interceptor

ഇന്ത്യയുടെ ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ പരീക്ഷണം വിജയിച്ചു. താഴ്ന്നു പറക്കുന്ന ശത്രു മിസൈലുകളെ അങ്ങോട്ട് ചെന്ന് ആക്രമിക്കാന്‍ പുതിയ മിസൈലുകള്‍ക്ക് കഴിയും. ഒഡീഷയിലെ ബലാസോര്‍ ടെസ്റ്റ് റേഞ്ചില്‍ വച്ചാണ് മിസൈല്‍ പരീക്ഷിച്ചത്. ഈ വര്‍ഷം ഇതു മൂന്നാം തവണയാണ് അങ്ങോട്ട് പോയി പ്രതിരോധിക്കുന്ന മിസൈലുകള്‍ പരീക്ഷിക്കുന്നത്. 30 കിലോമീറ്റര്‍ ദൂരത്തില്‍ ഭൗമാന്തരീക്ഷത്തില്‍ വച്ച് ഇന്റര്‍സെപ്ടര്‍ മിസൈല്‍ ലക്ഷ്യം കണ്ടു. പരീക്ഷണം വന്‍വിജയമായിരുന്നെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനം വികസിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഫെബ്രുവരിയിലും മാര്‍ച്ചിലും പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ഇന്ത്യയുടെ തന്നെ പൃഥ്വി മിസൈല്‍ ചാന്തിപ്പൂരില്‍ നിന്ന് വിക്ഷേപിച്ചതിന് ശേഷം അതിനെ ആക്രമിച്ച് തകര്‍ക്കുകയായിരുന്നു ചെയ്തത്. റഡാറുകളുപയോഗിച്ച് സിഗ്‌നലുകള്‍ പിടിച്ചെടുത്ത ശേഷം പൃഥ്വിയെ ലക്ഷ്യമാക്കി ബംഗാള്‍ ഉള്‍ക്കടലിലെ വീലര്‍ ദ്വീപില്‍ നിന്ന് പ്രതിരോധ മിസൈല്‍ വിക്ഷേപിക്കുകയാണ് ചെയ്തത്. ദിശാനിര്‍ണയ സംവിധാനം, ഹൈടെക് കമ്പ്യൂട്ടര്‍, ഇലക്ട്രോ മെക്കാനിക്കല്‍ ആക്ടിവേറ്റര്‍ എന്നിവയുപയോഗിച്ചാണ് 7.5 മീറ്റര്‍ നീളമുള്ള മിസൈലിന്റെ പ്രവര്‍ത്തനം. ശത്രുരാജ്യങ്ങളില്‍ നിന്നുള്ള മിസൈല്‍ ആക്രമണങ്ങളെ ഫലപ്രദമായി ചെറുക്കാനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ക്കു പരീക്ഷണ വിജയം ഊര്‍ജം പകരും. പ്രതിരോധ മിസൈല്‍ ശേഷിയുള്ള ലോക രാജ്യങ്ങളുടെ പട്ടികയില്‍ നേരത്തെ തന്നെ ഇന്ത്യ ഇടംപിടിച്ചിരുന്നു. ഇന്ത്യയ്ക്ക് പുറമെ നിലവില്‍ യുഎസ്, റഷ്യ, ചൈന, ഇസ്രയേല്‍ എന്നീ രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്.