വിദേശത്തായിരിക്കെ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് പണം ഈടാക്കുന്നത് നിര്‍ത്തലാക്കണമെന്നും ഇതിനുള്ള ചിലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ബിനോയ് വിശ്വം എം.പി. ഇക്കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ യോജിച്ച് ഒരു തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള പ്രവാസി ഫെഡറേഷന്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മൃതദേഹം തൂക്കി നോക്കി തുക ഈടാക്കുന്നത് എയര്‍ ഇന്ത്യ അവസാനിപ്പിച്ചിട്ടുണ്ട്. പകരം വിവിധ സ്ലാബുകള്‍ ഏര്‍പ്പെടുത്തി. എന്നാല്‍ നാടിനു വേണ്ടി അധ്വാനിക്കുന്ന പ്രവാസികളുടെ കാര്യത്തില്‍ ഇതും നീതികേടാണെന്നും ഒരു പൈസ പോലും ഇടാക്കാതെയാണ് നാട്ടിലെത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നാട്ടില്‍ മടങ്ങിയെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിന് സമഗ്ര പദ്ധതി തയാറാക്കണം. അംബാനിമാര്‍ക്കും നീരവ് മോദിമാര്‍ക്കും മാത്രം വായ്പ നല്‍കുന്ന ബാങ്കുകള്‍ പ്രവാസികള്‍ക്കു വേണ്ടിയും വാതില്‍ തുറക്കണം. പ്രവാസി ക്ഷേമനിധിയിലെ പ്രായപരിധി എടുത്തുകളയാന്‍ സര്‍ക്കാര്‍ ഇനിയും വൈകരുതെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
പ്രവാസി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി സുനീര്‍ അധ്യക്ഷനായി. നേതാക്കളായ പി.സി വിനോദ്, സുലൈമാന്‍, ജെയ്‌സണ്‍ മാസ്റ്റര്‍, ജി.ആര്‍ അനില്‍, പി.കെ രാജു തുടങ്ങിയവര്‍ സംസാരിച്ചു. പ്രവാസികള്‍ക്ക് സ്വയംതൊഴില്‍ വായ്പ നിഷേധിക്കുന്ന ബാങ്കുകളെ നിലക്ക് നിര്‍ത്തുക, മൃതദേഹം നാട്ടിലെത്തിക്കുന്നതിന് പണം ഈടാക്കുന്നത് അവസാനിപ്പിക്കുക, നോര്‍ക്കയില്‍ പ്രവാസി സംഘടനകള്‍ക്ക് പ്രാതിനിധ്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്.
പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുവാനുള്ള ചിലവ് സർക്കാർ വഹിക്കണമെന്ന് ബിനോയ് വിശ്വം
RELATED ARTICLES