സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആക്രമിച്ച കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം വെടിയണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ആശ്രമം ആക്രമിച്ച കേസില്‍ എന്തുകൊണ്ടാണ് പ്രതിയുടെ രേഖാചിത്രം പൊലീസ് മുക്കിയതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ കെ. സുരേന്ദ്രന്‍ ചോദിച്ചു. ” സന്ദീപാനന്ദന്റെ ആശ്രമം അക്രമിച്ച കേസില്‍ ഇനിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം വെടിയണം. എന്തുകൊണ്ടാണ് പ്രതിയുടെ രേഖാചിത്രം പൊലീസ് മുക്കിയത്? ആരെയാണ് പൊലീസ് സംരക്ഷിക്കുന്നത്? സംഭവസ്ഥലത്ത് ഓടിയെത്തി പ്രതികള്‍ ആര്‍. എസ്. എസുകാരാണെന്നു പറഞ്ഞ മുഖ്യന്റെ നാക്ക് ഇപ്പോള്‍ ഇറങ്ങിപ്പോകുന്നതെന്തുകൊണ്ട്? വലിയ ഒച്ചപ്പാടും ബഹളവും വെച്ച സാംസ്കാരിക നായകന്‍മാരെന്ന മേലങ്കിയണിഞ്ഞ പരാന്നഭോജികള്‍ ഇപ്പോള്‍ എന്തുകൊണ്ട് അനങ്ങുന്നില്ല? വലിയവായില്‍ സംഘപരിവാറിനെതിരെ ഉറഞ്ഞുതുള്ളിയ സി.ഐ.ടി.യു മാദ്ധ്യമതൊഴിലാളികള്‍ക്കും ഇപ്പോള്‍ ആവേശം കാണുന്നില്ല. ആശ്രമം അക്രമിച്ചതും കാറുകത്തിച്ചതും സന്ദീപാനന്ദനും സി. പി. എമ്മുകാരും തന്നെയാണ്. മുഖ്യമന്ത്രിക്ക് ഇക്കാര്യം അറിയാം. പ്രതികളെ പിടിക്കാന്‍ കഴിയാത്തതാണെങ്കില്‍ കേസ് ഏതെങ്കിലും കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കൂ. ഇമ്മാതിരി തറവേലകള്‍ക്ക് ഒരു മുഖ്യമന്ത്രി തന്നെ നേതൃത്വം നല്‍കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ അന്തസ്സില്ലാത്ത നടപടിയാണ്. – കെ. സുരേന്ദ്രന്‍ കുറിച്ചു.
സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആക്രമിച്ച കേസ്; പിണറായി മൗനം വെടിയണമെന്ന് കെ. സുരേന്ദ്രന്‍
RELATED ARTICLES