സി.ബി.എസ്.ഇ ചോദ്യ പേപ്പര്‍ ചോര്‍ച്ച ; മുപ്പതോളം പേരെ പോലീസ് ചോദ്യം ചെയ്‍തു

cbse

സി.ബി.എസ്.ഇ ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് മുപ്പതോളം പേരെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയാണ് 30 പേരെ ചോദ്യം ചെയ്തത്. സി.ബി.എസ്.ഇയുടെ പരാതിയില്‍ പേര് പരാമര്‍ശിക്കുന്ന സ്വകാര്യ ട്യൂഷന്‍ സെന്റര്‍ ഉടമയേയും പോലീസ് ചോദ്യം ചെയ്തു. രജീന്ദര്‍ നഗറില്‍ ട്യൂഷന്‍ സെന്റര്‍ നടത്തുന്ന ഇയാള്‍ സി.ബി.എസ്.ഇയുടെ പന്ത്രണ്ടാം ക്ലാസ്സ് എക്കണോമിക്‌സ് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ത്തിയെന്നാണ് കേസ്.ട്യൂഷന്‍ സെന്റര്‍ ഉടമയാണ് മുഖ്യപ്രതിയെന്ന് സംശയിക്കപ്പെടുന്നത്. ഇയാള്‍ക്ക് പുറമെ അഞ്ച് ട്യൂട്ടര്‍മാര്‍, 18 വിദ്യാര്‍ത്ഥികള്‍ എന്നിവരേയും ചോദ്യം ചെയ്തു. ചോദ്യപേപ്പര്‍ ചോര്‍ത്തിയതും അത് പ്രചരിപ്പിച്ചതും എപ്രകാരമാണെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. രാജ്യവ്യാപകമായി ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഡല്‍ഹി പോലീസ് കമ്മീഷണര്‍ ആര്‍.പി ഉപാധ്യായയാണ് ഇക്കാര്യം വ്യക്തമാക്കിയത്.12-ാം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പറിന് പുറമെ പത്താം ക്ലാസ് ചോദ്യപേപ്പറും ചോര്‍ന്നതായാണ് വിവരം. ചോദ്യ ചോര്‍ച്ച വ്യക്തമായ സാഹചര്യത്തില്‍ പത്താം €ാസിലെ കണക്ക് പരീക്ഷയും പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ എക്കണോമിക്‌സ് പരീക്ഷയും വീണ്ടും നടത്തും. ബുധനാഴ്ച ഇത് സംബന്ധിച്ച ഉത്തരവ് സി.ബി.എസ്.ഇ പുറപ്പെടുവിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സി.ബി.എസ്.ഇ ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലെന്നാണ് സൂചന. എന്നാല്‍ ഈ സാധ്യതയും പോലീസ് അന്വേഷിക്കുന്നുണ്ട്.