ഹാര്‍ദ്ദിക് പട്ടേലിന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ കഴിയില്ല . പട്ടേല്‍ പ്രക്ഷോഭവുമായി ബന്ധപെട്ട കേസില്‍ രണ്ടു വര്‍ഷം ശിക്ഷ വിധിച്ചിരുന്നു. ഈ കേസിലെ ശിക്ഷാ വിധി റദ്ദാക്കണമെന്ന ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഹാര്‍ദ്ദിക് പട്ടേലിന് മത്സരിക്കാന്‍ സാധിക്കാത്തത്. നിലവില്‍ ഈ കേസുമായി ബന്ധപെട്ടു ജാമ്യത്തിലായിരുന്നു ഹാര്‍ദ്ദിക്. 2015ല്‍ നടന്ന പട്ടേല്‍ സംവരണ സമരത്തിനെതിരെയുള്ള കലാപ കേസില്‍ ഹര്‍ദിക് പട്ടേല്‍ കുറ്റക്കാരനാണെന്ന് ഗുജറാത്തിലെ വിസാനഗര്‍ കോടതി കണ്ടെത്തിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്ന് കാണിച്ച് നല്‍കിയ ഹരജിയാണ് ഇപ്പോള്‍ ഗുജറാത്ത് ഹൈക്കോടതി തള്ളിയത്. രണ്ട് വര്‍ഷത്തെ തടവും അമ്ബതിനായിരം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചിരുന്നെങ്കിലും 2018 ആഗസ്തില്‍ ഹൈക്കോടതി പട്ടേലിന്‍റെ തടവ് റദ്ദാക്കി ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ പ്രതിസ്ഥാനത്ത് നിന്ന് പട്ടേലിനെ ഒഴിവാക്കിയിരുന്നില്ല. പ്രതി ചേര്‍ത്ത കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളിയതോടെ ജനപ്രാതിനിധ്യ നിയമപ്രകാരം പട്ടേലിന് മത്സരിക്കാനാകില്ല. ഗുജറാത്തിലെ ജാംനഗറില്‍ നിന്ന് ഇദ്ദേഹത്തെ മത്സരിപ്പിക്കുന്ന കാര്യം കോണ്‍ഗ്രസിന്‍റെ സജീവ പരിഗണനയിലുണ്ടായിരുന്നു. മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഇവിടെ ഏപ്രില്‍ നാലിനാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ ഏപ്രില്‍ നാലിന് മുന്‍പേ സുപ്രീംകോടതിയില്‍ നിന്ന് ഹര്‍ദിക് പട്ടേല്‍ അനുകൂല വിധി സമ്പാദിക്കണം.