Friday, April 19, 2024
HomeCrimeസ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം: മകൾക്ക് മാനസികാസ്വാസ്ഥ്യമെന്ന് അമ്മ

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം: മകൾക്ക് മാനസികാസ്വാസ്ഥ്യമെന്ന് അമ്മ

ലൈംഗിക അതിക്രമം ചെറുക്കാന്‍ യുവതി ജനനേന്ദ്രിയം മുറിച്ചെടുത്ത സ്വാമി ഗംഗേശാനന്ദ തീര്‍ഥപാദയെ ന്യായീകരിച്ച് പെണ്‍കുട്ടിയുടെ മാതാവ് രംഗത്ത്. മകളെ സ്വാമി ലൈംഗികമായി ഉപദ്രവിച്ചിട്ടില്ലെന്നും ഒരു യുവാവുമായുള്ള പ്രണയബന്ധം സ്വാമി എതിര്‍ത്തതാണു വൈരാഗ്യത്തിനു കാരണമെന്നും കാണിച്ച് യുവതിയുടെ അമ്മ ഡിജിപിക്കു പരാതി നല്‍കി. പെൺകുട്ടിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും യുവതിയുടെ കാമുകനാണു സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്നും ഗംഗേശാനന്ദ നിരപരാധിയാണെന്നും പെൺകുട്ടിയുടെ അമ്മയും സഹോദരനും പറയുന്നു. വനിതാ കമീഷനും ഡിജിപിക്കും നല്‍കിയ പരാതിയിലാണ് മാതാവും സഹോദരനും ഇക്കാര്യങ്ങള്‍ പറയുന്നത്.

ഗംഗേശാനന്ദയുടെ അമ്മയും രണ്ടുദിവസം മുൻപ് യുവതിയുടെ പ്രണയബന്ധത്തെ സ്വാമി എതിർത്തതാണ് അക്രമത്തിന് വഴിവെച്ചതെന്ന് കാണിച്ച് ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇതേക്കുറിച്ച് വിശദ അന്വേഷണം നടത്താൻ ഐജി മനോജ് എബ്രഹാമിന് ഡിജിപി നിർദേശം നൽകി. ഇതിനുപിന്നാലെയാണ് യുവതിയുടെ അമ്മയും സഹോദരനും ചേർന്ന് ഡിജിപിക്ക് പരാതി നൽകിയത്.

സ്വാമി പിണങ്ങരുതെന്നും തനിക്ക് സ്വാമിയോട് അകല്‍ച്ചയില്ലെന്നും പറഞ്ഞാണ് പെണ്‍കുട്ടി സ്വാമിയെ വിളിച്ചുവരുത്തിയതെന്നും പരാതിയില്‍ പറയുന്നു. സംഭവം ദിവസം രാവിലെ പെണ്‍കുട്ടി സ്വാമിയോട് പിണങ്ങിയിരുന്നതിന് മാപ്പ് ചോദിച്ചെന്നും ഇവര്‍ പരാതിയില്‍ പറയുന്നു.

സംഭവത്തിനുശേഷം ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലേക്കാണ് അവള്‍ ഓടിക്കയറിയത്. പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ച തങ്ങളോട്, സ്വാമി മകളെ മാനഭംഗപ്പെടുത്തിയെന്നും 40 ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്ന് മൊഴി നൽകണമെന്നും ആവശ്യപ്പെട്ടു.

അതേസമയം, സംഭവം നടക്കുന്ന സമയത്ത് കാമുകൻ സ്ഥലത്തില്ലായിരുന്നെന്ന് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. യുവതിയോട് ഗംഗേശാനന്ദ മോശമായി പെരുമാറിയിരുന്ന കാര്യം അമ്മയ്ക്ക് അറിയാമായിരുന്നെന്നും അന്വേഷണ സംഘത്തിന് ബോധ്യമായി. ഈ സാഹചര്യത്തിൽ സ്വാമിയെ രക്ഷിക്കാൻ യുവതിയുടെ അമ്മ നടത്തുന്ന ബോധപൂർവ്വമായ നീക്കമാണ് നിലവിലെ പരാതിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

വർഷങ്ങളായി തുടരുന്ന ലൈംഗിക പീഡനം തടയാൻ പെൺകുട്ടി അൻപത്തിനാലുകാരനായ ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചെന്നായിരുന്നു കേസുമായി ബന്ധപ്പെട്ട ആദ്യ വെളിപ്പെടുത്തൽ. തുടർന്ന് കോലഞ്ചേരി സ്വദേശി ശ്രീഹരി എന്ന ഗംഗേശാനന്ദ തീർഥപാദ സ്വാമിയെ (54) മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. എന്നാൽ, താൻ സ്വയം മുറിച്ചതാണെന്നാണ് ഗംഗേശാനന്ദ ആദ്യം ഡോക്ടർമാരെ അറിയിച്ചത്.

പീഡനം, പോക്സോ ആക്ട് എന്നിവപ്രകാരം കേസെടുത്തതിനെ തുടർന്നു പേട്ട പൊലീസ് സ്വാമിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ മേഴ്സിക്കുട്ടിയമ്മ, ജി.സുധാകരൻ, ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ തുടങ്ങിയ പ്രമുഖർ പെൺകുട്ടിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

സംഭവത്തെക്കുറിച്ച് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് നേരത്തെ നൽകിയ വിശദീകരണമിങ്ങനെ: പെൺകുട്ടിയുടെ വീട്ടിൽ പൂജയെന്ന പേരിൽ എത്തിയാണ് ഇയാൾ പീഡിപ്പിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി ഇതിനു ശ്രമിച്ചതോടെ പെൺകുട്ടി എതിർത്തു.

പീഡനം ചെറുക്കുന്നതിനിടെ സ്വാമിയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചു മാറ്റുകയായിരുന്നു. പീഡന ശ്രമത്തില്‍ അമ്മക്ക് പങ്കുള്ളതായി സംശയിക്കുന്നുവെന്ന് പെണ്‍കുട്ടി കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. സ്വാമി വര്‍ഷങ്ങളായി പീഡിപ്പിക്കുകയായിരുന്നുവെന്നും മാതാപിതാക്കളോട് പറഞ്ഞിട്ട് കാര്യമില്ലാത്തതു കൊണ്ടാണ് ഒന്നും പറയാതിരുന്നതെന്നും പെൺകുട്ടിയുടെ മൊഴിയിലുണ്ട്.

സംഭവ ദിവസം തന്‍റെ മുടിയില്‍ പിടിച്ചു വലിച്ചിഴച്ചാണ് സ്വാമി മുറിയിലേക്ക് തളളിയത്. നിലവിളിച്ചിട്ടും വീട്ടിലുള്ളവർ രക്ഷക്കെത്തിയില്ല. ഇതോടെയാണ് സ്വാമിയുടെ കൈയിലുണ്ടായിരുന്ന കത്തി പിടിച്ചെടുത്ത് ലിംഗം ഛേദിച്ചതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. തുടർന്ന് വീട്ടിൽ നിന്ന് ഇറങ്ങിയോടിയ പെൺകുട്ടി, പട്രോളിങ് നടത്തിയ പൊലീസ് സംഘത്തെ വിവരമറിയിച്ചു. പൊലീസാണു സ്വാമിയെ  ആശുപത്രിയിലെത്തിച്ചത്.

ഇപ്പോൾ 23 വയസ്സുള്ള പെൺകുട്ടിയെ 14 വയസ്സു മുതൽ ഇയാൾ പീഡിപ്പിച്ചിരുന്നതായാണു മൊഴി. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി. വനിതാ മജിസ്ട്രേട്ടിനു മുന്നിൽ രഹസ്യമൊഴി രേഖപ്പെടുത്തി. വീട്ടിൽ പരിശോധന നടത്തിയ പൊലീസ് കത്തി കണ്ടെടുത്തു. കേസില്‍ ചികിത്സയിൽ കഴിയുന്ന സ്വാമിയെ ജൂണ്‍മൂന്ന് വരെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments