Friday, December 6, 2024
HomeKeralaആലുവ പൊലീസ് ക്ലബ്ബിൽ നടന്‍ ദിലീപിനെ പന്ത്രണ്ടര മണിക്കൂര്‍ ചോദ്യം ചെയ്തു

ആലുവ പൊലീസ് ക്ലബ്ബിൽ നടന്‍ ദിലീപിനെ പന്ത്രണ്ടര മണിക്കൂര്‍ ചോദ്യം ചെയ്തു

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ പന്ത്രണ്ടര മണിക്കൂര്‍ അന്വേഷണസംഘം ചോദ്യംചെയ്തു. എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള പൊലീസ്സംഘം ആലുവ പൊലീസ് ക്ലബ്ബിൽ വിളിച്ചുവരുത്തിയാണ് ദിലീപിനെ ചോദ്യചെയ്തത്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായെയും വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നുവരെ ചോദ്യംചെയ്തു.

താന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എല്ലാ കാര്യങ്ങളിലും മൊഴി നല്‍കിയെന്നും വ്യാഴാഴ്ചത്തെ അമ്മ ജനറല്‍ബോഡിയില്‍ പങ്കെടുക്കുമെന്നും ചോദ്യം ചെയ്യലിന് ശേഷം പുലര്‍ച്ചെ 1.05ന് പുറത്തിറങ്ങിയ ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് ആവശ്യമെങ്കില്‍ ദിലീപിനെയും നാദിര്‍ഷയേയും ഇനിയും വിളിപ്പിക്കുമെന്നും അന്വേഷണം തുടരുകയാണെന്നും ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജ് പറഞ്ഞു.

ബുധനാഴ്ച പകല്‍ 12.30ന് ആലുവ പൊലീസ് ക്ളബ്ബിലെത്തിയ ദിലീപിനെയും മാനേജരെയും നാദിര്‍ഷായെയും പ്രത്യേകം പ്രത്യേകമായാണ് ചോദ്യംചെയ്തത്. നടിയെ ആക്രമിച്ച കേസില്‍ മൊഴിയെടുക്കലിന്റെ ഭാഗമായാണ് ആദ്യം ദിലീപില്‍നിന്നു വിവരം ശേഖരിച്ചത്. പിന്നീട് കേസിലെ ഗൂഢാലോചനയെക്കുറിച്ച് ചോദ്യംചെയ്യല്‍ ആരംഭിച്ചു. എഡിജിപി ബി സന്ധ്യ, റൂറല്‍ എസ്പി എ വി ജോര്‍ജ്, പെരുമ്പാവൂര്‍ സിഐ ബിജു പൌലോസ് എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യംചെയ്യല്‍. വിവരമറിയാന്‍ രാത്രി 12.15ന് പൊലീസ് ക്ളബ്ബിലെത്തിയ നടന്‍ സിദ്ദിഖിന് സന്ദര്‍ശനാനുമതി ലഭിച്ചില്ല. നാദിര്‍ഷായുടെ സഹോദരന്‍ സമദിന് അനുമതി നല്‍കി. നടിയെ ആക്രമിച്ച കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഒന്നരക്കോടിരൂപ തട്ടാന്‍ ശ്രമിച്ചെന്ന തന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മൊഴിനല്‍കാന്‍ പോകുന്നുവെന്നാണ് പൊലീസ് ക്ളബ്ബിലേക്ക് പുറപ്പെടുംമുമ്പ് ദിലീപ് മാധ്യമങ്ങളോട് പറഞ്ഞത്.

കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനി തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുന്നുവെന്നു കാണിച്ച് ഡിജിപിക്ക് ദിലീപ് പരാതി നല്‍കിയിരുന്നു. കേസില്‍ അന്വേഷണസംഘം നല്‍കിയ പ്രാഥമിക കുറ്റപത്രത്തില്‍ ദൃശ്യം പകര്‍ത്തിയ മൊബൈല്‍ഫോണ്‍ കണ്ടെടുക്കാനും ഗൂഢാലോചന പുറത്തുകൊണ്ടുവരാനും തുടരന്വേഷണം വേണമെന്ന് നിര്‍ദേശിച്ചിരുന്നു. നടിക്കെതിരെ ദിലീപുള്‍പ്പെടെയുള്ള മറ്റു ചലച്ചിത്രതാരങ്ങളും പരസ്യപ്രതികരണം നടത്തി. മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യാവലിയനുസരിച്ചാണ് വിവരം ശേഖരിച്ചത്. സിനിമാരംഗത്തെ തന്റെ സല്‍പ്പേരും കരിയറും തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും അവര്‍ ആരൊക്കെയാണെന്നും ദിലീപ് അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയതായാണ് സൂചന.

അതിനിടെ ബുധനാഴ്ച രാത്രി മരട് ക്രൌണ്‍പ്ളാസ ഹോട്ടലില്‍ ചേര്‍ന്ന അമ്മ എക്സിക്യൂട്ടീവ് യോഗം നടി ആക്രമിക്കപ്പെട്ട സംഭവം ചര്‍ച്ചചെയ്തു. ഇക്കാര്യം വ്യാഴാഴ്ച ചേരുന്ന ജനറല്‍ ബോഡിയിലും ചര്‍ച്ചചെയ്യും. അസൌകര്യം അറിയിച്ച് എക്സിക്യൂട്ടിവ് യോഗത്തില്‍ നടി രമ്യ നമ്പീശന്‍ പങ്കെടുത്തില്ല. വ്യക്തിപരമായ തിരക്കായതിനാല്‍ നടി മഞ്ജു വാര്യര്‍ വ്യാഴാഴ്ചത്തെ ജനറല്‍ ബോഡിയില്‍ പങ്കെടുക്കില്ല. ടെക്നീഷ്യന്‍മാരുടെ സംഘടനയായ ‘മാക്ട ഫെഡറേഷന്‍’ ബുധനാഴ്ച യോഗം ചേര്‍ന്നെങ്കിലും സംഘടനയുടെ വരവുചെലവുകണക്കുകള്‍മാത്രം ചര്‍ച്ചചെയ്ത് പിരിഞ്ഞു.

കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിക്കുവേണ്ടി കോടതിയില്‍ ഹാജരാകുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ അഡ്വ. ആളൂര്‍ ബുധനാഴ്ച ജയിലിലെത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments