സ്വയംതൊഴില്‍ സംരംഭം തുടങ്ങുന്നതിന് അപേക്ഷിക്കാംജില്ലയിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ക്ക് സ്വയംതൊഴില്‍ സംരംഭം തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇരുപത് ശതമാനം സബ്‌സിഡിയോടെ ഒരു ലക്ഷം രൂപ വായ്പ തുകയുള്ള കെസ്‌റു പദ്ധതിയില്‍ ഒരു ലക്ഷം രൂപ കുടുംബ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. മള്‍ട്ടിപര്‍പ്പസ് സര്‍വീസ് സെന്റേഴ്‌സ്/ജോബ് ക്ലബിലേക്ക് രണ്ട് അംഗങ്ങള്‍ വീതം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു ജോബ് ക്ലബിന് 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. പദ്ധതി ചെലവിന്റെ 25 ശതമാനം സബ്‌സിഡി ലഭിക്കും. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. തൊഴില്‍രഹിതരായ വിധവകള്‍, വിവാഹമോചനം നേടിയ സ്ത്രീകള്‍, ഭര്‍ത്താവ് ഉപേക്ഷിക്കുകയോ ഭര്‍ത്താവിനെ കാണാതാവുകയോ ചെയ്തവര്‍, 30 വയസ് കഴിഞ്ഞ അവിവാഹിതര്‍, പട്ടികവര്‍ഗക്കാരിലെ അവിവാഹിതരായ അമ്മമാര്‍, ഭിന്നശേഷിക്കാരായ വനിതകള്‍, ശയ്യാവലംബരും നിത്യരോഗികളുമായ ഭര്‍ത്താക്കന്മാരുള്ള വനിതകള്‍ എന്നിവര്‍ക്ക് ശരണ്യ പദ്ധതിപ്രകാരം സ്വയംതൊഴില്‍ സംരംഭത്തിന് അപേക്ഷിക്കാം. കുടുംബവാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയരുത്. വായ്പ തുകയുടെ 50 ശതമാനം (പരമാവധി 25000 രൂപ) സബ്‌സിഡി ലഭിക്കും. കൂടുതല്‍ വിവരം എംപ്ലോയ്‌മെന്റ് ഓഫീസുകളില്‍ ലഭിക്കും
