Sunday, October 13, 2024
HomeKeralaകോവിഡ് സേവനത്തിനായി ഇനി റോബോട്ടുകളും

കോവിഡ് സേവനത്തിനായി ഇനി റോബോട്ടുകളും

കൈയ്യില്‍ കുഞ്ഞി ട്രേയും പിടിച്ച് സമയാസമയം മുരുന്നും ഭക്ഷണവും വെള്ളവും ബെഡ്ഷീറ്റുമായി കോവിഡ് രോഗികളുടെ മുറിയിലെത്തി നിറചിരിയും സമ്മാനിച്ച് അവര്‍ തിരികെ പോകും. ചികിത്സയിലുള്ളവര്‍ക്ക് ഡോക്ടറെയോ വീട്ടുകാരേയോ കാണണമെന്ന ആവശ്യം പറഞ്ഞാല്‍ ഞൊടിയിടയില്‍ വീഡിയോ കോളിലൂടെ അവരെയും അടുത്തെത്തിക്കും. നാലടി പൊക്കം മാത്രമുള്ള ഇത്തിരി കുഞ്ഞന്‍ റോബോട്ട് ‘നഴ്‌സുമാര്‍’ ചെയ്തുനല്‍കുന്ന  സേവനങ്ങളാണിത്.  ഇരവിപേരൂര്‍ കൊട്ടയ്ക്കാട് ആശുപത്രിയില്‍ ആരംഭിച്ച ഫസ്റ്റ് ലൈന്‍ കോവിഡ് കെയര്‍ ട്രീറ്റ്‌മെന്റ് സെന്ററിലാണ് ‘ആശ സാഫി ‘ എന്ന് പേരുള്ള രണ്ടു റോബോട്ടുകളുടെ സേവനം ലഭിക്കുക. ആരോഗ്യരംഗത്ത് ആശാ പ്രവര്‍ത്തകര്‍ നടത്തുന്ന നിസ്വാര്‍ഥ സേവനത്തിനുനല്‍കുന്ന ആദര സൂചകമായിട്ടാണ് റോബോട്ടുകള്‍ക്ക് ആശ എന്ന് പേരിട്ടത്.   ഒരേസമയം(ഒരു മണിക്കുറില്‍) ഒരു റോബോട്ടിന് നാലു മുറികളിലേക്കുള്ള സാധനങ്ങളെത്തിക്കാന്‍ സാധിക്കും. കോവിഡ് കെയര്‍ സെന്ററില്‍ രണ്ടു നിലകളിലായി 40 മുറികളാണുള്ളത്.  മരുന്നും ഭക്ഷണവും ഉള്‍പ്പെടെയുള്ളവ എത്തിക്കുക മാത്രമല്ല ഡ്യൂട്ടി ഡോക്ടര്‍ക്കും ഡി എം ഒ അടക്കമുള്ള മറ്റ് നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒരേസമയം രോഗിയെ കണ്ടുകൊണ്ട് ആശവിനിമയം നടത്തുവാനുള്ള സൗകര്യം ഈ റോബോട്ടിലുണ്ട്. റോബോട്ടുകളില്‍ ഘടിപ്പിച്ചിരിക്കുന്ന സ്‌ക്രീനിലൂടെ ഇത് സാധിക്കും. 15 മീറ്റര്‍ ദൂരത്തു നിന്നുവരെ ഇവയെ നിയന്ത്രിക്കാം. എട്ടു കിലോഗ്രാം വരെ ഭാരമുള്ള വസ്തുക്കള്‍ ഇവര്‍ക്ക് എടുക്കാന്‍ കഴിയും.  ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരമാകും ഇവര്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ രോഗിക്ക് നല്‌കേണ്ട നിര്‍ദ്ദേശങ്ങള്‍ റോബോട്ടിലൂടെ നല്‍കാനും സാധിക്കും. നിലവില്‍ ഇരവിപേരൂര്‍ കൊട്ടയ്ക്കാട് ആശുപത്രിയില്‍ കോവിഡ് രോഗികളില്ല.  റോബോട്ടുകളുടെ ഡെമോണ്‍സ്‌ട്രേഷന്‍ വീണാ ജോര്‍ജ് എം.എല്‍.എ നിര്‍വഹിച്ചു.

നാടിന്റെ നന്മയ്ക്കായി ഇത്തരം നൂതന ആശയങ്ങള്‍ ഇനിയും ഉണ്ടാകണമെന്നും ഇതിലൂടെ സമൂഹവ്യാപന സാധ്യത തടയാന്‍ സാധിക്കുമെന്നും എം.എല്‍.എ പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് രോഗികളെ പരിചരിക്കുന്നതിലൂടെ ഉണ്ടാകുന്ന രോഗവ്യാപനം എങ്ങനെ കുറയ്ക്കാം എന്ന ചിന്തയാണ് റോബോട്ടുകളിലെത്തിച്ചതെന്ന് ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എന്‍. രാജീവ് പറഞ്ഞു. രോഗിയുമായുള്ള സമ്പര്‍ക്കം കുറയ്ക്കുവാനും ഇത്തരത്തിലുള്ള രോഗവ്യാപനം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉണ്ടാകാതിരിക്കുന്നതിനും കഴിയുമെന്നതാണു നേട്ടം.

വള്ളംകുളം നാഷണല്‍ ഹൈസ്‌കൂളിലെ അഡല്‍ ലാബില്‍ നിര്‍മ്മിച്ച റോബോട്ടുകളെ തിരുച്ചിറപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൊപ്പല്ലര്‍ ടെക്‌നോളജി ഗ്രൂപ്പാണ് വികസിപ്പിച്ചെടുത്തത്.   ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)ഡോ.എ.എല്‍ ഷീജ വീഡിയോകോണ്‍ഫറന്‍സ് വഴി ചടങ്ങില്‍ പങ്കെടുത്തു. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസൂയ ദേവി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി.കെ ഓമനക്കുട്ടന്‍, സാബു ചക്കുംമൂട്ടില്‍, സാലി ജേക്കബ്, ജയപാലന്‍, പ്രസന്നകുമാര്‍,  സെക്രട്ടറി സുജകുമാരി, ആശുപത്രിയുടെ ചുമതലയുള്ള മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ പി.ശ്രീകാന്ത്, നാഷണല്‍ സ്‌കൂള്‍ എച്ച്.എം  ആര്‍. ആശാലത, നാഷണല്‍ ഹൈസ്‌കൂള്‍ ടെക്‌നിക്കല്‍ ഓഫീസര്‍ എം.ജയന്‍, പ്രൊപ്പല്ലര്‍ ടെക്‌നിക്കല്‍ ടീം അംഗങ്ങള്‍ മുബീന്‍ റഹ്മാന്‍, ഫിലിപ്പ് സാമുവല്‍ ജോസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു

RELATED ARTICLES
- Advertisment -

Most Popular

Recent Comments