പി.യു ചിത്രയ്ക്ക് ഓപ്പറേഷന്‍ ഒളിമ്പ്യാഡ് ലക്ഷ്യമിട്ട് വിദേശപരിശീലനവും സ്‌കോളര്‍ഷിപ്പും ഉള്‍പ്പെടെയുളള കായികതാരത്തിന് വേണ്ടുന്ന എല്ലാ സൗകര്യവും ലഭ്യമാക്കുമെന്ന് കായികമന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. മുണ്ടൂരിലെ ചിത്രയുടെ വീട് സന്ദര്‍ശിച്ചശേഷമായിരുന്നു മന്ത്രിയുടെ വാഗ്ദാനം.
ചിത്രയ്ക്ക് ഭക്ഷണവും താമസവും ഒരുക്കും. പുതിയ പരിശീലന രീതികളുടെ സാധ്യതകള്‍ തേടും. മത്സരങ്ങള്‍ക്കുളള യോഗ്യതാ മാനദണ്ഡങ്ങളില്‍ വ്യക്തി താല്‍പര്യം അടിച്ചേല്‍പ്പിക്കുന്നത് ശരിയായ രീതിയല്ല. ചിത്രക്ക് നീതി നിഷേധിച്ചതില്‍ മലയാളി താരങ്ങള്‍ക്ക് പങ്കുള്ളതായി ആരോപിക്കപ്പെടുന്നുണ്ട്. ലോക അത്‌ലറ്റിക് മീറ്റില്‍ നിന്ന് ചിത്രയെ ഒഴിവാക്കാന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ വെളിച്ചത്ത് കൊണ്ടുവരേണ്ടതുണ്ടെന്നും അതിന് സര്‍ക്കാരിന്റേയും സ്‌പോര്‍ട്സ് കൗണ്‍സിലിന്റേയും പിന്തുണയുണ്ടാകുമെന്നും അദ്ദേഹംപറഞ്ഞു.
ചിത്രയെ ഒഴിവാക്കാന്‍ സെലക്ഷന്‍ കമ്മിറ്റി ബോധപൂര്‍വ്വം ശ്രമം നടത്തിയതാണെന്ന് ആരോപണമുണ്ട്. രാജ്യത്തിനുവേണ്ടി വിജയം കൈവരിച്ച ചിത്രയക്ക്് നാടിന്റേയും സര്‍ക്കാറിന്റേയും കായികരംഗത്തിന്റേയും പിന്തുണയുണ്ടെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍, സെക്രട്ടറി സഞ്ജയന്‍ കുമാര്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.എന്‍.കണ്ടമുത്തന്‍ തുടങ്ങിയവര്‍ മന്ത്രിയെ അനുഗമിച്ചു