നടന്‍ ഇടവേളബാബുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

babu edavela

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതുമായി ബന്ധപ്പെട്ട് നടന്‍ ഇടവേളബാബുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ആലുവ പോലീസ് ക്ലിബ്ബിലേക്ക് വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്.

വിദേശത്തെ താരനിശകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് തന്നോട് ചോദിച്ചതെന്ന് പിന്നീട് ബാബു മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇതു സംബന്ധിച്ച രേഖകൾ എല്ലാം അന്വേഷണ സംഘത്തിന് കൈമാറിയതായും അദ്ദേഹം പറഞ്ഞു. ഉച്ചയ്ക്ക് 12.45ഓടെയാണ് ഇടവേള ബാബു പോലീസ് ക്ലബിലെത്തിയത്. 2.30ഓടെ ചോദ്യം ചെയ്യൽ പൂർത്തിയായി.

സിനിമാ മേഖലയിലെ കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്ന് കഴിഞ്ഞദിവസം പോലീസ് അറിയിച്ചിരുന്നു. ചോദ്യം ചെയ്യുന്നതിന് ഹാജരാകണമെന്ന് ഇടവേള ബാബുവിനോട് പോലീസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ദിലീപും ഇടവേള ബാബുവും തമ്മിലുള്ള ചില സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ചോദിച്ചറിയാനാണ് താരത്തെ വിളിച്ചു വരുത്തിയതെന്നാണ് സൂചന. ഇടവേള ബാബു അടുത്തിടെ നടത്തിയ വിദേശ യാത്രകൾ സംബന്ധിച്ച് പൊലീസിന് ചില സൂചനകൾ ലഭിച്ചിരുന്നു.

ഇടവേള ബാബുവും ട്രഷററുമായ ദിലീപും അമ്മയുടെ നടത്തിപ്പും മറ്റു കാര്യങ്ങൾക്ക് വേണ്ടിയും ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ളതിനാൽ ഇത് സംബന്ധിച്ച വിവരങ്ങളും അന്വേഷണ സംഘം ബാബുവിൽ നിന്ന് ചോദിച്ചറിഞ്ഞതയാണ് സൂചന.