നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി സിംഗിൾ ബെഞ്ച് വീണ്ടും തള്ളി. നേരത്തെ ജാമ്യം തേടി അങ്കമാലി കോടതിയേയും ഹൈക്കോടതിയേയും ഓരോ തവണ സമീപിച്ചിരുന്നെങ്കിലും രണ്ടും തള്ളിയിരുന്നു. ദിലീപിനെതിരെ കൂടുതൽ തെളിവുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. കഴിഞ്ഞ 50 ദിവസമായി ദിലീപ് ജയിലിലാണ്.
കേസ് അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും ജാമ്യം നൽകിയാൽ ദിലീപ് പുറത്തിറങ്ങി സാക്ഷികളെ സ്വാധീനിക്കാൻ ഇടയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഈ വാദം മുഖവിലയ്ക്ക് എടുത്തുകൊണ്ടാണ് കോടതി ജാമ്യം നിഷേധിച്ചത്. ദിലീപിനെതിരായ രേഖകൾ മുദ്രവച്ച കവറിൽ സമർപ്പിച്ചതും കോടതി പരിഗണിച്ചു. ദിലീപ് കിംഗ് ലയറാണെന്നും (പെരും നുണയൻ) ഭാര്യ കാവ്യയുടെ ഡ്രൈവറായിരുന്ന പൾസർ സുനിയെ കുറ്റകൃത്യം ചെയ്യാൻ ഏൽപിച്ചത് ദിലീപിന്റെ ബുദ്ധിയാണെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ വാദിച്ചിരുന്നു.
ദിലീപിന്റെ മാനേജർ അപ്പുണ്ണിയെ ചോദ്യം ചെയ്യാൻ കഴിഞ്ഞില്ലെന്നും തൊണ്ടിമുതലായ മൊബൈൽ ഫോൺ കണ്ടെടുത്തില്ലെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് നേരത്തെ ജാമ്യ ഹർജി തള്ളിയത്. എന്നാലിപ്പോൾ സാഹചര്യം മാറിയെന്നും അപ്പുണ്ണിയെ ചോദ്യം ചെയ്തെന്നും ഫോൺ നശിപ്പിച്ചതിന് രണ്ട് അഭിഭാഷകർക്കെതിരെ കേസെടുത്തെന്നും ചൂണ്ടിക്കാട്ടിയാണ് ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിച്ച്. അഡ്വക്കേറ്റ് കെ.രാംകുമാറിന് പകരം രാമൻപിള്ളയാണ് ഇത്തവണ ഹൈക്കോടതിയിൽ ദിലീപിന് വേണ്ടി ഹാജരായത്. എന്നാൽ, പ്രതിഭാഗത്തിന്റെ വാദം കോടതി അപ്പാടെ തള്ളിയിരുന്നു.