സോഫ്റ്റ്‌വെയര്‍ എഞ്ചീനിയര്‍ ക്രൂര മര്‍ദ്ദനത്തിനിരയായി മരിച്ചു; ഭാര്യ ഒളിവിൽ

engineer

ഭാര്യാപിതാവിന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ യുവ സോഫ്റ്റ്‌വെയര്‍ എഞ്ചീനിയര്‍ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചു. ബംഗളൂരു സ്വദേശി രജത്താണ് ഭാര്യാപിതാവ് ആനന്ദിന്റെ ക്രൂര മര്‍ദ്ദനത്തിനിരയായത്. കഴിഞ്ഞ ദിവസം രജത്തിന്റെ ബംഗളൂരുവിലെ വീട്ടിലെത്തിയ ആനന്ദ് യുവാവുമായി വഴക്കിടുകയും തലയ്ക്ക് മര്‍ദ്ദിക്കുകയുമായിരുന്നു. ഇതോടെ യുവാവ് അബോധാവസ്ഥയിലായി.തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന യുവാവിന് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ഭാര്യ ശ്വേത സംഭവശേഷം ഒളിവിലാണ്. ആനന്ദ് ഭാര്യ ജയന്തി മകന്‍ സന്ദീപ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം രജതും ഭാര്യ ശ്വേതയും തമ്മില്‍ വഴക്കുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ശ്വേത തന്റെ വീട്ടിലേക്ക് പോവുകയും ചെയ്തു. പിറ്റേന്നാണ് ആനന്ദ് രജത്തിനെ തേടിയെത്തി സംഘര്‍ഷമുണ്ടായത്. വാക്കേറ്റം ആക്രമണത്തില്‍ കലാശിക്കുകയായിരുന്നു. ഷിമോഗ സ്വദേശികളാണ് ശ്വേതയും കുടുംബവും. 6 വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് രജത്തും ശ്വേതയും വിവാഹിതരാകുന്നത്. 6 മാസം മുന്‍പ് ഇരുകുടുംബങ്ങളുടെയും അനുവാദത്തോടെയായിരുന്നു വിവാഹം. ശ്വേതയ്ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.