രാഷ്ട്രീയ കക്ഷികളിലെ ഉള്‍പാര്‍ട്ടി ജനാധിപത്യത്തെക്കുറിച്ച് ചര്‍ച്ചയ്ക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാഷ്ട്രീയ പാര്‍ട്ടികളിലെ ജനാധിപത്യ സ്വഭാവം രാജ്യത്തിന്റെ ഭാവിക്ക് അനിവാര്യമാമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി ആസ്ഥാനത്ത് ദീവാളി മിലന്‍ പരിപാടിയോടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഫണ്ട് ലഭിക്കുന്നതിനെക്കുറിച്ച് പലപ്പോഴും ചര്‍ച്ച ഉയരാറുണ്ട്. എന്നാല്‍ അവരുടെ ആശയങ്ങള്‍ ഉള്‍പാര്‍ട്ടി ജനാധിപത്യം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടക്കാറില്ല-പ്രധാനമന്ത്രി പറഞ്ഞു.
രാഷ്ട്രീയകക്ഷികളിലെ ഉള്‍പാര്‍ട്ടി ജനാധിപത്യത്തെക്കുറിച്ച് രാജ്യത്തെ ജനങ്ങള്‍ക്ക് കാര്യമായ ബോധ്യമില്ല. മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനാധിപത്യ മൂല്യങ്ങള്‍ പാര്‍ട്ടികളുടെ ആശയങ്ങളുടെ ഭാഗമാണോയെന്ന് ചര്‍ച്ച ചെയ്യേണ്ടതാണ്. പാര്‍ട്ടികളിലെ ജനാധിപത്യം രാജ്യത്തിന്റെ ഭാവിക്ക് മാത്രമല്ല, ജനാധിപത്യത്തിന്റെ നിലനില്‍പ്പിനും അനിവാര്യമാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ പേരെടുത്ത് പറയാതെയായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം.
അതേസമയം ബി.ജെ.പിയില്‍ വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടെന്ന് മോഡി ആദ്യമായി സമ്മതിച്ചു. ജനസംഘത്തിന്റെ കാലത്ത് ചെറിയ പ്രസ്ഥാനമായിരുന്നതിനാല്‍ കേന്ദ്ര നേതൃത്വം മുതല്‍ താഴെത്തട്ട് വരെ ഏക അഭിപ്രായമായിരുന്നു. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പാര്‍ട്ടി വലുതായതിനെ തുടര്‍ന്നുണ്ടായതാകാമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.