Thursday, March 28, 2024
HomeKeralaഎടിഎം പൊളിച്ചു; മോഷണശ്രമം വിജയിച്ചില്ല

എടിഎം പൊളിച്ചു; മോഷണശ്രമം വിജയിച്ചില്ല

തുരുവനന്തപുരത്തു എടിഎം പൊളിച്ചു പണം കവർച്ച ചെയ്യുവാൻ ശ്രമം. ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിനു സമീപം കൈതമുക്കിലെ എടിഎമ്മിലാണു മോഷണശ്രമം നടന്നത്. പുലർച്ചെ നാലരയോടെയാണു കവർച്ച ശ്രമം നടന്നത് എന്ന് വഞ്ചിയൂർ എസ്ഐ സജുകുമാർ പറഞ്ഞു. നേരത്തെ ഫോർട്ടിൽ എടിഎം കൗണ്ടറിൽ കേടുപാടു വരുത്തിയ സംഭവവുമായി സാമ്യമുള്ളതാണ് ഇവിടെ നടന്ന അതിക്രമവും. എടിഎം മെഷീന്റെ ലോക്ക് പൊട്ടിക്കുകയും വയറുകൾക്കു കേടുവരുത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ മെഷീനിൽനിന്നും പണം നഷ്ടമായിട്ടില്ലെന്നു പൊലീസ് അറിയിച്ചു. രാവിലെ സംഭവം അറിഞ്ഞ നാട്ടുകാർ വഞ്ചിയൂർ പൊലീസിൽ വിവരമറിയിച്ചു. തുടർന്നാണു പൊലീസ് സ്ഥലത്ത് എത്തിയത്. എടിഎം മെഷീനിൽ നിന്നും പണം കവരാൻ ശ്രമിച്ചാൽ അലാം മുഴങ്ങുകയും ബാങ്ക് മാനേജർക്കു സന്ദേശം പോകുകയും ചെയ്യാറുണ്ട്. എന്നാൽ ഈ കവർച്ചാശ്രമത്തിൽ അലാം അടിക്കുകയോ സന്ദേശം പോകുകയോ ചെയ്തിട്ടില്ല. ഇതു ബാങ്കിന്റെ വീഴ്ച്ചയാണെന്നു പൊലീസ് പറയുന്നു. ക്യാമറയുടെ വയറുകളും പൊട്ടിച്ചിട്ടുണ്ട്. അതിനാൽ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടോയെന്ന് അറിയാനായി ഹാർഡ്ഡിസ്ക് പരിശോധിച്ചു വരുകയാണു പൊലീസ് അറിയിച്ചു. ഡോഗ് സ്ക്വാഡും ഫോറൻസിക് വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി. എടിഎം കൗണ്ടറിൽ നിന്നും എട്ടു വിരലടയാളങ്ങൾ ലഭിച്ചിട്ടുണ്ട്. ഒത്തുനോക്കാൻ പറ്റുന്ന തരത്തിൽ വ്യക്തതയുള്ള വിരലടയാളങ്ങൾ ലഭിച്ചത് മോഷ്ടാവിനെ പിടികൂടാൻ സഹായിക്കുമെന്ന കണക്കുകൂട്ടലിലാണു പൊലീസ്. നേരത്തെ സമാനമായ രീതിയിൽ ഫോർട്ട് സ്റ്റേഷൻ പരിസരത്തെ എടിഎം മെഷീനു കേടുവരുത്തുകയും വയറുകൾ നശിപ്പിക്കുകയും ചെയ്ത സംഭവത്തിലെ വിരലടയാളങ്ങളുമായി ഇവിടെനിന്നും ലഭിച്ച വിരലടയാളങ്ങളെ ഒത്തുനോക്കിയെങ്കിലും ചേർച്ചയില്ലായിരുന്നു. ഗ്യാസ് കട്ടറും മറ്റും ഉപയോഗിച്ചാണു സാധാരണ പ്രഫഷണൽ സംഘങ്ങൾ മോഷണം നടത്തുന്നത്. ഇവിടെ മെഷിനു കേടുവരുത്തുകയും വയറുകൾ പൊട്ടിക്കുകയും മാത്രം ചെയ്തതിനാൽ പ്രഫഷനൽ സംഘങ്ങളില്ലെന്ന വിലയിരുത്തലിലാണു പൊലീസ്. കഞ്ചാവോ അതുപോലെയുള്ള മറ്റു ലഹരി വസ്തുക്കളോ ഉപയോഗിച്ചതിനു ശേഷം ഉൻമാദാവസ്ഥയിൽ എടിഎം നശിപ്പിക്കാൻ ശ്രമിച്ചതാണോയെന്ന കാര്യവും പൊലീസ് പരിശോധിച്ചു വരുകയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments