Wednesday, April 24, 2024
HomeKeralaശബരിമല സമരം അവസാനിപ്പിച്ച ബിജെപി തീരുമാനത്തെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതം ചെയ്തു

ശബരിമല സമരം അവസാനിപ്പിച്ച ബിജെപി തീരുമാനത്തെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതം ചെയ്തു

ബിജെപിയുടെ തീരുമാനം അത്യന്തം സ്വാഗതാര്‍ഹമെന്ന്‌ പിണറായി വിജയന്‍

ശബരിമലയിലുള്ള സമരം അവസാനിപ്പിച്ച ബിജെപിയുടെ തീരുമാനം അത്യന്തം സ്വാഗതാര്‍ഹമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.കേരളത്തിന്റെ മതനിരപേക്ഷത ബിജെപിക്ക് ബോധ്യപ്പെട്ടതിന്റെ തെളിവാണ് സമരവേദി മാറ്റാനുള്ള തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമൂഹം അംഗീകരിക്കാത്ത കാര്യങ്ങള്‍ ആര് ഉയർത്തിപ്പിടിച്ചു കൊണ്ട് വന്നാലും അവര്‍ക്ക്‌ അധികം പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്നതാണ്‌ ബിജെപിയുടെ അനുഭവം തെളിയിക്കുയന്നത്. ഇതു തന്നെ യുഡിഫിനും ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നീതി നിര്‍വഹണത്തിനെതിരായാണ് ബി.ജെ.പി മുന്നോട്ട് പോകുന്നതെങ്കില്‍ മുന്‍ സമരങ്ങളുടെ ഗതി തന്നെ ഇതിനുമുണ്ടാകുമെന്ന് അവര്‍ മനസ്സിലാക്കണമെന്നും പിണറായി കൂട്ടിച്ചേർത്തു. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട്‌ പൊതുവില്‍ അംഗീകരിക്കപ്പെടുന്ന സ്ഥിതിയാണുള്ളത്‌.സെക്രട്ടറിയേറ്റ്‌ നടയിലേക്ക്‌ സമരം മാറ്റുമെന്നാണ്‌ ഇപ്പോള്‍ ബിജെപി പറയുന്നത്‌. ഇവിടെ നിരവധി സമരങ്ങള്‍ നടക്കുന്നതാണ്‌ അതിലൊന്നും ഒരു തെറ്റുമില്ല. അതില്‍ ഒരു പുതുമയുമില്ല. പക്ഷേ അവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ ചിലത്‌ ഉന്നയിക്കാവുന്നതാണോ എന്ന്‌ അവര്‍ തന്നെ ആലോചിക്കേണ്ടതാണ്‌. പ്രളയം ബാധിച്ച കേരളം പുനര്‍നിര്‍മ്മിക്കുന്നതിനായി 31,000 കോടി രൂപ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസ നിധിയില്‍ ലഭിച്ച 2683.18 കോടി രൂപയില്‍ 1357.78 കോടി രൂപ തകര്‍ന്ന വീടുകള്‍ക്കായി ഉപയോഗിച്ചു. കേന്ദ്രത്തില്‍ നിന്ന് 600 കോടി രൂപയാണ് ലഭിച്ചത്. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിന് വിമാനം എത്തിയതിനും റേഷന്‍ സാമഗ്രികള്‍ നല്‍കിയതിനും കേന്ദ്രത്തിന് 290.67 കോടി രൂപ നല്‍കേണ്ടി വന്നു. എസ്.ഡി.ആര്‍.എഫിലെ മുഴുവന്‍ തുക വിനിയോഗിച്ചാലും ബാദ്ധ്യതപ്പെട്ട തുക കൊടുത്ത് തീര്‍ക്കുവാന്‍ ഫണ്ട് തികയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയില്‍ എന്ത് വിട്ടു വീഴ്‌ചയ്‌ക്കും തയ്യാറാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

അതേസമയം ശബരിമലയില്‍ എന്ത് വിട്ടു വീഴ്‌ചയ്‌ക്കും തയ്യാറാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ പറഞ്ഞു. വിട്ടുവീഴ്‌ച ചെയ്യുന്നത് കഴിവു കേടായി ആരും കാണരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമലയ്‌ക്ക് വേണ്ടിയാണ് ഇക്കാര്യങ്ങളെല്ലാം ചെയ്യുന്നത്. ശബരിമലയില്‍ കാണിക്കയിടരുതെന്ന പ്രചാരണം ചില പുതിയ ക്ഷേത്രങ്ങളെ വളര്‍ത്താനാണെന്നും അദ്ദേഹം ആരോപിച്ചു. ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച നിലപാട് ദേവസ്വം ബോര്‍‌ഡ് നേരത്തെ തന്നെ കോടതിയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. യുവതികള്‍ പ്രവേശിക്കുന്നതും അല്ലാത്തതുമല്ല പ്രശ്‌നം. ശബരിമലയുടെ സമാധാനമാണ് പ്രശ്‌നമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments