വാഷിംഗ്ടണ്‍ നാഷണല്‍ കത്തീഡ്രല്‍ ദേവാലയത്തിൽ ട്രംപ് പ്രാർത്ഥനയിൽ മുഴുകി

ട്രംപ് പ്രാർത്ഥനയിൽ മുഴുകി

വാഷിംഗ്ടണ്‍ നാഷണല്‍ കത്തീഡ്രല്‍ ദേവാലയത്തിൽ ട്രംപ് പ്രാർത്ഥനയിൽ മുഴുകി. രാജ്യം മുഴുവനും ദേശീയ പ്രാര്‍ത്ഥന ദിനമായി ആചരിച്ച ഇരുപത്തിയൊന്നാം തീയതിയാണ് ട്രംപും ഭാര്യ മിലിയാനയും പ്രാർത്ഥനയിൽ ജാഗരിച്ചതു. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും ഭാര്യ കാരനും ട്രംപിനും കുടുംബത്തിനൊപ്പം പ്രാര്‍ത്ഥനയില്‍ മുഴുകി. വാഷിംഗ്ടണ്‍ നാഷണല്‍ കത്തീഡ്രല്‍ ദേവാലയം ഇതിനു സാക്ഷ്യം വഹിച്ചു. കത്തീഡ്രല്‍ ദേവാലയത്ത്ന്റെ ഏറ്റവും മുന്നിലെ നിരയിലാണ് അമേരിക്കയുടെ അമരക്കാരനായ ട്രംപ് പ്രാർത്ഥനക്കായി ഇരുന്നത്. ഹോപ്പ് ക്രിസ്ത്യന്‍ ചര്‍ച്ചിലെ ബിഷപ്പായ ഹാരി ജാക്ക്‌സണ്‍ പ്രാര്‍ത്ഥനകള്‍ക്ക് കാർമ്മികത്വം വഹിച്ചു. പുതിയതായി ചുമതല ഏല്‍ക്കുന്ന പ്രസിഡന്റുമാര്‍ക്ക് ഇങ്ങനെയുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുന്ന പതിവ് എപ്പിസ്‌ക്കോപ്പല്‍ ദേവാലയത്തിലുണ്ട് .

രാജ്യത്തെയും ജനത്തെ നല്ലതുപോലെ ഭരിക്കുവാനുള്ള ദൈവീക ജ്ഞാനം പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും മറ്റ് ഭരണാധികാരികള്‍ക്കും നല്‍കണമെന്ന് ബിഷപ്പ് ഹാരി ജാക്ക്‌സണ്‍ പ്രാര്‍ത്ഥിച്ചു. എല്ലാ ജനവിഭാഗങ്ങളുടെയും സ്വാതന്ത്ര്യം ഉറപ്പാക്കുവാന്‍ ട്രംപിനും പെന്‍സിനും ദൈവീകമായ സഹായം നല്‍കണമെന്നും ബിഷപ്പ് പ്രാര്‍ത്ഥിച്ചു.

ദേശീയ പ്രാര്‍ത്ഥനാ ദിനത്തിന്റെ ഭാഗമായി റോമന്‍ കത്തോലിക്ക, എപ്പിസ്‌ക്കോപ്പല്‍, പ്രൊട്ടസ്റ്റന്റ് തുടങ്ങിയ വിവിധ ക്രൈസ്തവ സഭകളുടെ പ്രാര്‍ത്ഥനകളും ദേവാലയത്തില്‍ വച്ച് നടത്തപ്പെട്ടു. ജൂത മതവിഭാഗക്കാരുടെയും പ്രാര്‍ത്ഥനകൾ ദേവാലയത്തില്‍ നടന്നു. നാനാമതസ്ഥരും പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുവാന്‍ എത്തിയിരുന്നത്‌ കൗതുകമുണർത്തി.

സര്‍വ്വശക്തനായ ദൈവത്തിന്റെ സംരക്ഷണമാണ് രാജ്യത്തിന് ഉള്ളതെന്ന് തന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ട്രംപ് പറഞ്ഞിരുന്നു. അതേസമയം വൈസ് പ്രസിഡന്‍റായ മൈക്ക് പെന്‍സ് നിരവധി തവണ ക്രൈസ്തവ വിശ്വാസം ഏറ്റുപറഞ്ഞ വ്യക്തി കൂടിയാണ് .