Thursday, April 18, 2024
HomeNationalരണ്ടു തരത്തിലുള്ള പാസ്‌പോര്‍ട്ട് ഏര്‍പ്പെടുത്താനുള്ള വിവാദ നിര്‍ദേശം പിന്‍വലിച്ചു

രണ്ടു തരത്തിലുള്ള പാസ്‌പോര്‍ട്ട് ഏര്‍പ്പെടുത്താനുള്ള വിവാദ നിര്‍ദേശം പിന്‍വലിച്ചു

ഔപചാരിക വിദ്യാഭ്യാസം കുറഞ്ഞവര്‍ക്കും കൂടിയവര്‍ക്കും രണ്ടു തരത്തിലുള്ള പാസ്‌പോര്‍ട്ട് ഏര്‍പ്പെടുത്താനുള്ള വിവാദ നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. വ്യാപക പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനം.മെട്രിക്കുലേഷന്‍ (എസ്.എസ്.എല്‍.സി) വിദ്യാഭ്യാസം ഉള്ളവര്‍ക്ക് നീലയും അതില്‍ താഴെ വിദ്യാഭ്യാസമുള്ളവര്‍ക്കും ഔപചാരിക വിദ്യാഭ്യാസം തീരെ നേടിയിട്ടില്ലാത്തവര്‍ക്കും ഓറഞ്ചും നിറത്തിലുമുള്ള പാസ്‌പോര്‍ട്ടുകള്‍ അനുവദിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. പാസ്‌പോര്‍ട്ട് രാജ്യത്തിന്റെ ഔദ്യോഗിക പൗരത്വ രേഖയാണെന്നിരിക്കെ, ഒരേ രാജ്യത്ത് രണ്ടു തരത്തിലുള്ള പൗരന്മാരെ സൃഷ്ടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

എല്ലാ പൗരന്മാരും തുല്യരാണെന്ന ഭരണഘടനയിലെ മൗലികമായ കാഴ്ചപ്പാടിന്റെ ലംഘനമാണ് വിദ്യാഭ്യാസത്തിന്റെയും സാമ്പത്തിക ശേഷിയുടേയും അടിസ്ഥാനത്തില്‍ പൗരന്മാരെ രണ്ടായി തിരിക്കുന്നതെന്നായിരുന്നു കേന്ദ്ര നീക്കത്തിനെതിരെ ഉയര്‍ന്ന പ്രധാന വിമര്‍ശനം. ഉപജീവനത്തിനു വേണ്ടി വിദേശ രാജ്യങ്ങളിലേക്ക് കുടിയേറിയ ഇന്ത്യക്കാരെ രണ്ടു തരത്തിലുള്ള പൗരന്മരായി വേര്‍തിരിക്കുന്ന സമീപനം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയനും നീക്കത്തില്‍ എതിര്‍പ്പ് അറിയിച്ച് കേന്ദ്രത്തിന് കത്തെഴുതി.അഭിഭാഷകനായ ശംസുദ്ദീന്‍ കരുനാഗപ്പള്ളി എന്നയാള്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ കേരള ഹൈക്കോടതി കേന്ദ്ര സര്‍ക്കാറിനും പാസ്‌പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്കും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വിവാദ നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചത്. വിദേശ രാജ്യങ്ങളില്‍ ഒരു വിഭാഗം ഇന്ത്യന്‍ പൗരന്മാര്‍ കടുത്ത വിവേചനവും ചൂഷണവും നേരിടാന്‍ തീരുമാനം ഇടയാക്കുമെന്ന് നിയമ വിദഗ്ധര്‍ കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് തീരുമാനം പിന്‍വലിക്കുന്നതെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങള്‍ നല്‍കുന്ന വിശദീകരണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments