Friday, March 29, 2024
HomeKeralaപെസഹാ വ്യാഴാഴ്ചയിലെ കാല്‍കഴുകല്‍ ശുശ്രൂഷയില്‍ മാര്‍പാപ്പ നിര്‍ദേശിച്ച മാറ്റം നടപ്പാക്കേണ്ടതില്ല:സീറോ മലബാര്‍ സഭ

പെസഹാ വ്യാഴാഴ്ചയിലെ കാല്‍കഴുകല്‍ ശുശ്രൂഷയില്‍ മാര്‍പാപ്പ നിര്‍ദേശിച്ച മാറ്റം നടപ്പാക്കേണ്ടതില്ല:സീറോ മലബാര്‍ സഭ

പെസഹാ വ്യാഴാഴ്ചയിലെ കാല്‍കഴുകല്‍ ശുശ്രൂഷയില്‍ മാര്‍പാപ്പ നിര്‍ദേശിച്ച മാറ്റം നടപ്പാക്കേണ്ടതില്ലെന്ന് സീറോ മലബാര്‍സഭ തീരുമാനം. സ്ത്രീകളുടേതടക്കം കാല്‍കഴുകല്‍ നിര്‍വഹിക്കണമെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദേശമാണ് മെത്രാന്‍ സമിതിയില്‍ ചര്‍ച്ച ചെയ്ത് ഒഴിവാക്കിയത്. കാല്‍കഴുകല്‍ കര്‍മത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന 12 പേരില്‍ ദൈവജനത്തിന്റെ മുഴുവന്‍ പ്രാതിനിധ്യം എന്ന നിലയില്‍ പുരുഷന്മാര്‍, സ്ത്രീകള്‍, യുവജനങ്ങള്‍, പ്രായമായവര്‍, ആരോഗ്യമുള്ളവര്‍, രോഗികള്‍, വൈദികര്‍, സിസ്റ്റേഴ്‌സ്, ബ്രദേഴ്‌സ് എന്നിവരുടെ പ്രതിനിധികള്‍ ഉണ്ടായിരിക്കണമെന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ 2016 ജനുവരി ആറിന് തിരുത്തലിലൂടെ നിര്‍ദേശിച്ചത്.
എന്നാല്‍, തെരഞ്ഞെടുക്കപ്പെടുന്ന 12 പുരുഷന്മാരുടെയോ ആണ്‍കുട്ടികളുടെയോ കാല്‍കഴുകുന്ന നിലവിലെ രീതി തുടര്‍ന്നാല്‍ മതിയെന്നാണ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സഭയിലെ അജപാലകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇതുസംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുകയും ചിലയിടങ്ങളില്‍ സ്ത്രീകളുടെ കാല്‍കഴുകല്‍ നിര്‍വഹിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് വിഷയം സിനഡില്‍ അടക്കം ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തത്. പൗരസ്ത്യസഭകള്‍ ഇന്നും 12 പുരുഷന്മാരുടെ അഥവ ആണ്‍കുട്ടികളുടെ കാലുകള്‍ കഴുകുന്ന പാരമ്പര്യമാണ് തുടരുന്നത്.
ഭാരതത്തിലെ കത്തോലിക്കരും ഓര്‍ത്തഡോക്‌സ്, മാര്‍ത്തോമ പാരമ്പര്യക്കാരായ മറ്റ് സഭകളും ഈ രീതിയാണ് അവലംബിച്ചു പോരുന്നത്. കാല്‍കഴുകല്‍ ശുശ്രൂഷയില്‍ പൗരസ്ത്യസഭകള്‍ തുടരുന്ന പാരമ്പര്യം നിലനിര്‍ത്താനാണ് സീറോ മലബാര്‍ സഭയും ആഗ്രഹിക്കുന്നത്. അതിരൂപതയിലെ അജപാലകരുടെ ആരാധനക്രമം ഇതനുസരിച്ചാകണമെന്നും കര്‍ദിനാള്‍ ഇടവകകള്‍ക്കയച്ച സര്‍ക്കുലറില്‍ പറയുന്നു.
അതേസമയം, കേരളത്തിലെ ചില ജയിലുകളിലും നേര്‍ച്ചയെന്നപോലെ ഭവനങ്ങളിലും കിടപ്പുരോഗികളുടെയും ഭിന്നശേഷിയുള്ളവരുടെയും കാലുകള്‍ കഴുകുന്ന നിലവിലുള്ള രീതി തുടരാം. ആരാധനക്രമത്തില്‍ മാര്‍പാപ്പ വരുത്തിയ കാല്‍കഴുകല്‍ പരിഷ്‌കരണത്തെക്കുറിച്ച് അജപാലനരംഗത്ത് വ്യത്യസ്ത അഭിപ്രായങ്ങളും ചര്‍ച്ചകളും വന്ന സാഹചര്യത്തില്‍ പൗരസ്ത്യസഭകള്‍ക്കായുള്ള കോണ്‍ഗ്രിഗേഷനോട് വിശദീകരണം ചോദിച്ചപ്പോള്‍ ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്ന നിര്‍ദേശം ലത്തീന്‍ സഭക്ക് മാത്രമാണ് ബാധകമെന്ന മറുപടിയാണ് ലഭിച്ചതെന്നും ലത്തീന്‍ സഭയില്‍തന്നെ ഈ മാറ്റം നിര്‍ബന്ധമല്ലെന്ന വിശദീകരണം ലഭിച്ചെന്നും കര്‍ദിനാള്‍ വ്യക്തമാക്കുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments