അശ്ലീല സംഭാഷണം പ്രചരിപ്പിച്ചതിനും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്…..
അശ്ലീല സംഭാഷണത്തിന്റെ ഓഡിയോ പുറത്തുവിട്ട് മന്ത്രിസ്ഥാനത്തുനിന്നും എ.കെ.ശശീന്ദ്രന്റെ രാജിയിലേക്കു നയിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പൊലീസ് അന്വേഷണവും വരും. മുഖ്യമന്ത്രിയുടെ ഓഫിസിലും സൈബർ സെല്ലിലും പരാതികൾ ലഭിച്ചതിനാലാണ് അന്വേഷണം. മലപ്പുറം പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിലും തിരുവനന്തപുരം സൈബർ സെല്ലിലും പരാതികൾ ലഭിച്ചിരുന്നു. കൂടാതെ ചില വനിതാ മാധ്യമപ്രവർത്തകരും മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകി.
ഇന്നലെ മംഗളം ചാനലിൽ നിന്ന് രാജിവച്ച വനിതാ മാധ്യമപ്രവർത്തകയുടെ ഫെയ്സ് ബുക് പോസ്റ്റും അവർ പരാതിക്കൊപ്പം നൽകിയിരുന്നു. ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ അയച്ചിട്ടുണ്ടെന്നും അദ്ദേഹം ഇന്നു ഡൽഹിയിൽ നിന്നു തിരിച്ചെത്തിയ ശേഷം പ്രത്യേക അന്വേഷണ സംഘത്തെ തീരുമാനിക്കുമെന്നും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജൻ പറഞ്ഞു. ജുഡീഷ്യൽ അന്വേഷണവും പൊലീസ് അന്വേഷണവും സമാന്തരമായി നടത്തുമെന്നാണ് തീരുമാനം. സ്ത്രീത്വത്തെ അപമാനിച്ച എ.കെ.ശശീന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അനിൽ അക്കര എംഎൽഎ നൽകിയ പരാതിയിൽ ഡിജിപി നിയമോപദേശം തേടിയിട്ടുമുണ്ട്. അശ്ലീല സംഭാഷണം പ്രചരിപ്പിച്ചതിനും കേസെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ശശീന്ദ്രന്റെ മന്ത്രിസ്ഥാനം തെറിപ്പിച്ച സ്ത്രീക്ക് ചാനലുമായി ബന്ധമുണ്ടെന്നാണ് ഇതുവരെയുള്ള പൊലീസ് അന്വേഷണം സ്ഥിരീകരിക്കുന്നതാണ്. രാജിവച്ച മാധ്യമപ്രവർത്തകയുടെ ഫെയ്സ് ബുക് പോസ്റ്റിൽ നിന്ന് വെളിപ്പെടുന്നത് മാസങ്ങൾക്കു മുമ്പേ മന്ത്രിയെ കുടുക്കാനുള്ള പദ്ധതി ആരംഭിച്ചിരുന്നതായാണ്.
അഞ്ചു റിപ്പോർട്ടർമാരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ തീരുമാനിച്ചിരുന്നെന്നും മാധ്യമ പ്രവർത്തക എന്ന നിലയിൽ മാത്രമല്ല സ്ത്രീയെന്ന നിലയിലും അസഹ്യമായ സാഹചര്യമായിരുന്നു ഇതെന്നും ഈ പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. പെൺകെണിയിലേക്ക് ലക്ഷ്യമിടേണ്ട ഉന്നതരുടെ പട്ടിക തയാറാക്കി തന്നെയായിരുന്നു ആസൂത്രണമെന്നും പൊലീസിനു വിവരം കിട്ടിയിട്ടുണ്ട്. കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട വാർത്തകളുടെ ബൈറ്റ് എടുക്കാനെന്ന പേരിലാണ് ശശീന്ദ്രനെ യുവതി ആദ്യം സമീപിച്ചിരുന്നത്.
തുടർന്നു നമ്പർ കൈമാറി. ഇടയ്ക്കിടെ മെസേജുകൾ അയച്ചു. ഗുഡ് നൈറ്റ് സർ, ഗുഡ് മോണിങ് സർ മെസേജുകൾ മുടങ്ങാതെ കിട്ടിക്കൊണ്ടിരുന്നെന്നു പൊലീസ് പറയുന്നു. തന്നെ ഭർത്താവ് ഉപേക്ഷിച്ചെന്നും ഒറ്റയ്ക്കാണെന്നും ജീവിക്കാൻ മറ്റു മാർഗമില്ലാത്തതിനാലാണ് ഈ പണി ചെയ്യുന്നതെന്നും ഇവർ ശശീന്ദ്രനോട് പറഞ്ഞുവത്രേ. ശശീന്ദ്രന്റെ പൂർണ വിശ്വാസം നേടിയെടുത്ത ശേഷമാണു കെണിയൊരുക്കിയത്.
ശശീന്ദ്രൻ ഗോവയിലാണെന്നു മനസ്സിലാക്കിയാണ് യുവതി ഫോൺ വിളിച്ചത്. അവരുടെ ഭാഗത്തു നിന്നു നിലമറന്ന സംഭാഷണങ്ങൾ വന്നെന്നും ഇക്കാരണത്താലാണു പുറത്തു വിട്ട ശബ്ദരേഖയിൽ പെൺശബ്ദം ഇല്ലാത്തതെന്നുമാണ് പൊലീസ്നിഗമനം. വിവാദമായതിനു പിന്നാലെ, ഇവരുടെ ഫെയ്സ് ബുക് അക്കൗണ്ടും ഡിലീറ്റ് ചെയ്തു.
വാർത്ത സംപ്രേഷണം ചെയ്ത മാധ്യമവും തങ്ങൾക്കു ഭീഷണിയുണ്ടെന്നു കാട്ടി ഡിജിപിക്കു പരാതി നൽകിയിട്ടുണ്ട്. എൻവൈസി സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാൻ, പരപ്പനങ്ങാടി സ്വദേശിയായ യുവതി എന്നിവരുടെയും അഞ്ചു വനിതാ മാധ്യമപ്രവർത്തകരുടെയും പരാതികളിലായിരിക്കും പൊലീസ് അന്വേഷണം തുടങ്ങുക. തിരുവനന്തപുരം സൈബർ പൊലീസിൽ മുജീബ് റഹ്മാൻ നൽകിയ പരാതിയിൽ മന്ത്രിയുടെ ഫോൺ ചോർത്തിയതു ക്രിമിനൽ കുറ്റമാണെന്ന് ആരോപിക്കുന്നു.