Monday, October 7, 2024
HomeKeralaഎസ്ബിടി ഓര്‍മ്മകളിൽ മറയുവാൻ ഇനി ഒരു പകൽ കൂടി മാത്രം !

എസ്ബിടി ഓര്‍മ്മകളിൽ മറയുവാൻ ഇനി ഒരു പകൽ കൂടി മാത്രം !

ലയനം പൂര്‍ത്തിയാകുന്നതോടെ ലോകത്തെ വന്‍കിട ബാങ്കുകളുമായി മല്‍സരിക്കാന്‍ എസ്ബിഐക്ക് കഴിയുമെന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ.

എസ്ബിടി അടക്കം ആറു ബാങ്കുകൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിപ്പിക്കാനുള്ള തീരുമാനത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ (എസ്ബിടി) മാർച്ച് 31 വരെ മാത്രം. എസ്ബിടി അടക്കമുള്ള അഞ്ച് അനുബന്ധ ബാങ്കുകളും ഏപ്രിൽ ഒന്നിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിക്കും.കേരളത്തിന്റെ ബാങ്ക് എന്ന അഭിമാനവുമായി മലയാളികളുടെ ബാങ്കിങ് സങ്കല്‍പ്പങ്ങള്‍ യാഥാര്‍ഥ്യമാക്കിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (എസ്ബിടി) എസ്ബിടി ഓര്‍മ്മയാവാന്‍ ഇനി ഒരു പകൽ കൂടി മാത്രം. ലയനം പൂര്‍ത്തിയാകുന്നതോടെ ലോകത്തെ വന്‍കിട ബാങ്കുകളുമായി മല്‍സരിക്കാന്‍ എസ്ബിഐക്ക് കഴിയുമെന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ.

1945 സെപ്തംബർ 12-ന് ഒരു കോടി രൂപ മൂലധനത്തിൽ അന്ന് രാജഭരണത്തിലായിരുന്ന തിരുവിതാംകൂർ സംസ്ഥാനത്തിൽ ട്രാവൻകൂർ ബാങ്ക് ലിമിറ്റഡ് ആയിട്ടാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർസ്ഥാപിതമായത്. അന്നത്തെ തിരുവിതാംകൂർ സർക്കാർ മൂലധനത്തിൻറെ മുപ്പത് ശതമാനവും (30%) 4000 ഒാഹരിയുടമകൾ ബാക്കിയുള്ള ഭാഗവും മുതൽമുടക്കി.1946-ൽ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കായി.1960-ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുബന്ധ ബാങ്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്ന ഇപ്പോഴത്തെ പേര് സ്വീകരിച്ചു. തിരുകൊച്ചി മേഖലയിൽ പ്രവർത്തിച്ചുവരുന്ന ചെറിയ ബാങ്കുകൾ എസ്.ബി.ടി.യിൽ ലയിപ്പിച്ചു. ട്രാവൻകൂർ ഫോർവേഡ് ബാങ്ക്, ഇന്തോമർക്കന്റയിൽ ബാങ്ക്, കൊച്ചിൻ നായർ ബാങ്ക്, ബാങ്ക് ഓഫ് ന്യൂ ഇന്ത്യ, കാൽഡിയൻ സിറിയൻ ബാങ്ക്, ചമ്പക്കുളം കാത്തലിക് ബാങ്ക്, ബാങ്ക് ഓഫ് ആലുവ, കോട്ടയം ഓറിയന്റ് ബാങ്ക്, ലാറ്റിൻ ക്രിസ്ത്യൻ ബാങ്ക്, വാസുദേവവിലാസം ബാങ്ക് തുടങ്ങിയവയാണു ലയിപ്പിച്ചത്.
2016 മാര്‍ച്ച് 31ലെ കണക്കുപ്രകാരം, 1177 ലേറെ ശാഖകളുണ്ട്. ഇതിൽ 852 ഉം കേരളത്തിലാണ്. 19 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 1,177 ശാഖയും 1,707 എടിഎമ്മും 14,892 ജീവനക്കാരും 1,60,473 കോടി രൂപയുടെ നിക്ഷേപവും 67,004 കോടി രൂപയുടെ വായ്പകളും എസ്ബിടിക്കുണ്ട്. 36,123 കോടി രൂപ മൂലധനവും 338 കോടിരൂപ അറ്റാദായവുമുണ്ട്. കേരളീയരുടെ ബാങ്കിങ് ഇടപാടിന്റെ 22 ശതമാനവും സര്‍ക്കാരിന്റെ ട്രഷറി ബിസിനസില്‍ 80 ശതമാനത്തിലേറെയും എസ്ബിടിവഴിയാണ് നടന്നുകൊണ്ടിരുന്നത്. കേരളത്തിന്റെ പശ്ചാത്തലസൌകര്യ വികസനത്തിനും സാമൂഹ്യ പുരോഗതിക്കും കാര്‍ഷിക-വിദ്യാഭ്യാസ വികസനത്തിനും ഒപ്പം നടന്ന എസ്ബിടി ഏപ്രില്‍ ഒന്നിന് എസ്ബിഐയില്‍ ലയിക്കുമ്പോള്‍ ഓർമ്മകളിൽ മറയുന്നത് 72 വര്‍ഷത്തെ ചരിത്രവും വികസന പ്രക്രിയകളുടെ ഭാഗമായ ബാങ്കിങ് സംസ്കാരവും.

പരമ്പരാഗത വ്യവസായമേഖലയായ കയര്‍, കൈത്തറി, കശുവണ്ടി വ്യവസായങ്ങളുടെ പുരോഗതിക്ക് അടിസ്ഥാനം എസ്ബിടിയുടെ ഗ്രാമീണ വ്യവസായ വികസന വായ്പകളാണ്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ എണ്‍പതുകളുടെ തുടക്കത്തില്‍ പരമ്പരാഗത വ്യവസായമേഖലയില്‍ ചെറുകിട സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ വായ്പാപദ്ധതികളുമായി മുന്നിട്ടിറങ്ങാന്‍ എസ്ബിടി മാത്രമാണ് ഉണ്ടായത്. തറികളും റാട്ടുകളും കശുവണ്ടി സംസ്കരണകേന്ദ്രങ്ങളും മുക്കിനും മൂലയിലും ഉയര്‍ന്നപ്പോള്‍ സാമ്പത്തിക സ്രോതസ്സായിനിന്നു എസ്ബിടി.കെഎസ്ഇബിക്കും കെഎസ്ആര്‍ടിസിക്കും എന്‍ടിപിസിക്കുമൊക്കെ പ്രധാന വായ്പകള്‍ നല്‍കിയതും ഈ ബാങ്കാണ്.

ആദ്യകാലത്ത് കൊച്ചി എണ്ണശുദ്ധീകരണശാലയുടെ പ്രിന്‍സിപ്പല്‍ ബാങ്കായിരുന്നു എസ്ബിടി. ഇന്നും ഫാക്ട്, ടിസിസി, ഐആര്‍ഇ, കുണ്ടറ അലിന്‍ഡ് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വ്യവസായസ്ഥാപനങ്ങളുടെ സാമ്പത്തികവിനിമയങ്ങളെല്ലാം എസ്ബിടി നടത്തുന്നു.

സാമൂഹ്യസുരക്ഷാ പദ്ധതികളില്‍ മുന്നില്‍ നടന്നതും മറ്റാരുമല്ല. ‘സോഷ്യല്‍ സര്‍ക്കിള്‍’ എന്ന ഓമനപ്പേരില്‍ വിവിധ ശാഖകള്‍വഴി 700 ഓളം സാമൂഹ്യസുരക്ഷാ സംരംഭങ്ങള്‍ നടക്കുന്നു. എണ്‍പതുകളില്‍ തുടക്കമിട്ട ഈ സര്‍ക്കിളുകള്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ മാതൃകയാണ്.

തിരുവിതാംകൂര്‍ രാജകുടുംബം 1945 സെപ്തംബര്‍ 12ന് തിരുവിതാംകൂര്‍ കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ചെയ്ത, 1946 ജനുവരി 17ന് പ്രവര്‍ത്തനം ആരംഭിച്ച പഴയ ട്രാവന്‍കൂര്‍ ബാങ്ക് 1959ന് എസ്ബിടിയായതു മുതലിങ്ങോട്ട് കേരളീയ ജീവിതത്തോട് അത്രമേല്‍ ഇഴചേര്‍ന്നുനില്‍ക്കുന്നു. ആ ആത്മബന്ധമാണ് മലയാളിക്ക് നഷ്ടമാകുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഉള്‍പ്പെടെയുള്ള അഞ്ച് അനുബന്ധ ബാങ്കുകളുടെ ഇടപാടുകാരെ ഏപ്രില്‍ ഒന്നു മുതല്‍ എസ്ബിഐ ഇടപാടുകാരായി പരിഗണിക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.

ലയനത്തിന്റെ ഭാഗമായി, പുതിയ വായ്പകള്‍ അനുവദിക്കുന്നതിന് എസ്ബിടി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ലയന നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ എസ്ബിടിയുടെ 300 ശാഖകളെങ്കിലും പൂട്ടുമെന്നാണ് സൂചന. അഞ്ച് അസോസിയേറ്റ് ബാങ്കുകളുടെ മൂന്ന് ഹെഡ് ഓഫീസുകള്‍, 27 സോണല്‍ ഓഫീസുകള്‍, 81 റീജണല്‍ ഓഫീസുകള്‍ എന്നിവ അടച്ചുപൂട്ടുമെന്ന് എസ്ബിഐ മാനേജിംഗ് ഡയറക്ടര്‍ ദിനേശ് കുമാര്‍ ഖര അറിയിച്ചു. എന്നാല്‍ എസ്ബിടിയുടെ ഏതൊക്കെ ഓഫീസുകളാണ് പൂട്ടുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ജീവനക്കാരെയും പുനര്‍വിന്യസിക്കുമെങ്കിലും അവർക്കുള്ള വേതനവും മറ്റ് അലവൻസുകളും ഇപ്പോൾ ലഭിക്കുന്നതിനെക്കാൾ കുറയില്ലെന്നു ലയനപദ്ധതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ലയനത്തോടെ 50 കോടിയിലേറെ ഇടപാടുകാരും 37 ലക്ഷം കോടിയിലേറെ രൂപയുടെ ആസ്തിയുള്ള വമ്പൻ ബാങ്കായി എസ്.ബി.ഐ മാറും. 22,500 ശാഖകളും 58,000 എ.ടി.എമ്മുകളും എസ്.ബി.ഐയ്ക്ക് ഉണ്ടാകും. ഇതോടെ ലോകത്തെ ബാങ്കുകളുടെ പട്ടികയില്‍ നിലവിലുള്ള അന്‍പത്തിരണ്ടാം സ്ഥാനത്ത് നിന്ന് നാല്പത്തിയഞ്ചാമത്തെ ബാങ്കായി എസ്ബിഐ മാറുകയും ചെയ്യും. ഇനിയും എസ്ബിഐക്ക് കൂടുതല്‍ മത്സരക്ഷമമതയുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments