പെമ്പിളൈ ഒരുമൈ പ്രവർത്തകർ നിരാഹാര സമരം അവസാനിപ്പിച്ചു

മന്ത്രി എം.എം. മണിയുടെ രാജി ആവശ്യപ്പെട്ട് മൂന്നാറിൽ നിരാഹാര സമരം നടത്തുന്ന പെമ്പിളൈ ഒരുമൈ പ്രവർത്തകർ നിരാഹാര സമരം അവസാനിപ്പിച്ചു. പൊലീസ് അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്ക് നീക്കിയ ഗോമതി അടക്കമുള്ള നേതാക്കൾ ചികിത്സ നിഷേധിച്ച് സമരമുഖത്തേക്കു മടങ്ങിയെത്തിയതിന് ശേഷമാണ് നിരാഹാര സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

പകരം എം.എം.മണി രാജിവെക്കുന്നതുവരെ സത്യാഗ്രഹ സമരം തുടരാനാണ് സമരക്കാരുടെ തീരുമാനം. ദിവസങ്ങളായി നടത്തുന്ന നിരാഹാര സമരം മൂലം അവശനിലയിലായതിനെ തുടർന്നാണ് പെമ്പിളൈ ഒരുമ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്. അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാരോട് സഹകരിക്കാതിരുന്ന സമരക്കാർ ചികിത്സ വേണ്ടെന്ന് എഴുതിവച്ച ശേഷം ബസിൽ കയറി മൂന്നാറിലേക്കു മടങ്ങുകയായിരുന്നു.

തുടർന്ന് സമരപ്പന്തലിൽ എത്തിയതിന് ശേഷമാണ് നിരാഹാര സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ആശുപത്രിയിലേക്കു നീക്കുക വഴി സമരം പൊളിക്കാനാണ് സർക്കാർ ശ്രമമെന്ന് പെമ്പിളൈ ഒരുമൈ പ്രവർത്തകർ ആരോപിക്കുകയും ചെയ്തു.

മന്ത്രി എം.എം. മണി പെമ്പിളൈ ഒരുമൈ പ്രവർത്തകരെ അവഹേളിക്കുന്ന തരത്തിൽ നടത്തിയ പ്രസംഗമാണ് സമരത്തിന് കാരണം. പ്രസ്താവന വിവാദമായതോടെ പെമ്പിളൈ ഒരുമൈ പ്രവർത്തകരെ അപമാനിച്ചിട്ടില്ലെന്ന വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയിരുന്നു.എന്നാൽ, മണി രാജിവെക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് പെമ്പിളൈ ഒരുമൈ .