Friday, December 13, 2024
HomeNationalസാറാ ഷെയ്ക്ക, ബഹുരാഷ്ട്ര ഐ.ടി. കമ്പനിയില്‍ ജോലി ചെയ്യുന്ന കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍

സാറാ ഷെയ്ക്ക, ബഹുരാഷ്ട്ര ഐ.ടി. കമ്പനിയില്‍ ജോലി ചെയ്യുന്ന കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍

ചരിത്രത്തില്‍ ഇടം നേടുകയാണ് സാറാ ഷെയ്ക്ക. ആണിനേയും പെണ്ണിനേയും മനസ്സിലാവാത്ത സമൂഹത്തിന്, മനുഷ്യന് ഇത് രണ്ടുമല്ലാത്ത അവസ്ഥകളുമുണ്ട് എന്ന യാഥാർത്ഥ്യം വെറും ചാന്ത്പൊട്ട് തമാശ മാത്രമാണ്. എങ്കിലും പ്രതീക്ഷയുടെ ചില ഉറവകൾ എവിടെയൊക്കെയോ ഉണ്ട്. ബഹുരാഷ്ട്ര ഐ.ടി. കമ്പനിയില്‍ ജോലി ചെയ്യുന്ന കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന അംഗീകാരംസാറയ്ക്ക് സ്വന്തമായിരിക്കുന്നു. സാറ ഷെയ്ക്കയെന്ന പേരിൽത്തന്നെയുണ്ട് ഒരു കൌതുകം. പക്ഷേ പേരിലെ സൌന്ദര്യം സാറയും ജീവിതത്തിൽ ഉണ്ടായിരുന്നില്ല. അടുത്തിടെ വരെ. എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ എന്ന വിജയന്റെ ഡയലോഗ് പോലെ, ഇത് സാറയുടെ സമയമാണ്. തിരുവനന്തപുരം ടെക്നോപാര്‍ക്കിലുള്ള യു.എസ്.ടി. ഗ്ലോബലില്‍ എച്ച്.ആര്‍ സീനിയര്‍ അസോസിയേറ്റായാണ് സാറയുടെ നിയമനം.

തിരുവനന്തപുരത്താണ് സാറയുടെ ജനനം. കുട്ടിക്കാലം മുതൽക്കേ മനസ്സ് പെണ്ണിന്റേതും ഉടൽ ആണിന്റേതുമായിട്ടായിരുന്നു ജീവിതം. വീട്ടുകാർക്ക് തന്നെ ആൺകുട്ടി ആയിട്ടല്ലാതെ ഒരു ഭിന്നലിംഗക്കാരിയായി അംഗീകരിക്കുന്ന കാര്യം ചിന്തിക്കാൻ പോലും സാധ്യമായിരുന്നില്ലെന്ന് സാറ പറയുന്നു.. വർഷങ്ങളോളം ഞാൻ എന്നെത്തന്നെ ഒളിപ്പിച്ചുവെച്ച് ജീവിക്കുകയായിരുന്നു. പഠിക്കുമ്പോഴും മുൻപ് ജോലി ചെയ്തിരുന്ന ഇടങ്ങളിലുമെല്ലാം ഞാൻ നിഷാന്ത് ആയിരുന്നു.
ഞാനൊരു ട്രാൻസ്ജെൻഡറാണ് എന്ന് ലോകത്തോട് വിളിച്ച് പറഞ്ഞിട്ടിപ്പോൾ രണ്ടരവർഷം ആവുന്നതേ ഉള്ളൂ. അത് വല്ലാത്തൊരു മാറ്റമായിരുന്നു. സാറയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളി ഒരു ജോലി ലഭിക്കുക എന്നതായിരുന്നു. ഞാനൊരു ട്രാൻസ്ജെൻഡറാണ് എന്ന് അംഗീകരിക്കാൻ തയ്യാറായത് യുഎസ്ടി ഗ്ലോബൽ എന്ന ഭീമൻ ബഹുരാഷ്ട്ര കമ്പനി ആയിരുന്നു. അതുകൊണ്ട് ആ ജോലി തിരഞ്ഞെടുക്കാൻ മറ്റൊന്നും ആലോചിക്കേണ്ടതായി വന്നില്ല.

വീട്ടിലും പഠിക്കുന്ന കാലത്തുമെല്ലാം ആണും പെണ്ണുമല്ല എന്ന വിവേചനം താൻ അനുഭവിച്ചതാണ്. ആറുമാസം മുൻപാണ് വീടുവിടാൻ തീരുമാനിച്ചത്. ഇപ്പോൾ സ്വതന്ത്രയാണ്. ജീവിച്ച് തുടങ്ങുന്നതായി ഇപ്പോഴാണ് തോന്നുന്നത്. ഉത്തരവാദിത്വങ്ങൾ ഏറെയുണ്ട്. എല്ലാം വരുന്നിടത്ത് വെച്ച് കാണാം എന്നതാണ് സാറയുടെ പോളിസി. ജീവിതത്തിൽ ഒട്ടേറെ കനൽപ്പാതകൾ താണ്ടിയ ഒരാൾക്ക് അങ്ങനെയാവനല്ലേ കഴിയൂ. സമൂഹം മാറ്റിനിർത്തിയപ്പോഴും കരുത്തായി കൂടെ നിന്ന ചിലരെ സാറ നന്ദിയോടെ ഓർക്കുന്നു. എൽജിബിടി സമൂഹത്തെ സഹായിക്കുന്ന എച്ച് ആർ റിക്രൂട്ടറും സാറയുടെ സുഹൃത്തുമായ സ്മൃതിയാണ് അവരിലൊരാൾ. മറ്റൊന്ന് കൊച്ചിയിലെ സഹജ് ഇന്റർനാഷണൽ എന്ന സ്ഥാപനവും.

നല്ല ജോലിയും വരുമാനവും ലഭിക്കുന്നതോടെ സാറയ്ക്ക് ലക്ഷ്യങ്ങളേറെയുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് പൂർണമായും സ്ത്രീയായി മാറുക എന്നതാണ്. ലിംഗമാറ്റ ശസ്ത്രക്രിയ അടുത്ത വർഷം തന്നെ നടത്തി സ്വയം വീണ്ടെടുക്കാനുള്ള ഒരുക്കത്തിലാണ് സാറ. രണ്ടര വർഷം മുൻപ് താനൊരു ആണല്ലെന്നും ഭിന്നലിംഗമാണെന്നും വെളിപ്പെടുത്തിയപ്പോൾ സാറയ്ക്ക് ലഭിച്ച പ്രതികരണങ്ങൾ അമ്പരപ്പിക്കുന്നതായിരുന്നു. 800 പേരുണ്ടായിരുന്ന ഫേസ്ബുക്ക് സുഹൃത്തുക്കളുടെ എണ്ണം ഒറ്റയടിക്ക് 80 ആയി കുറഞ്ഞു.

മുൻപ് അബുദാബിയിലും ചെന്നൈയിലുമെല്ലാം സാറ ജോലി ചെയ്തിട്ടുണ്ട്. അവിടെ ഭിന്നലിംഗക്കാർക്കുള്ളതിനേക്കാൾ മോശമാണ് കേരളത്തിലെ അവസ്ഥയെന്ന് സാറ പറയുന്നു. ഭിന്നലിംഗക്കാർ ഉൾപ്പെടെ സമൂഹത്തിലെ ന്യൂനപക്ഷങ്ങളെ അംഗീകരിക്കാൻ മാത്രം മാനസിക വളർച്ച നേടിയിട്ടില്ല നമ്മുടെ നാട്.

താമസിക്കാൻ സ്വന്തമായി ഒരു വീടാണ് ഇനി സാറയ്ക്ക് വേണ്ടത്. ഇപ്പോൾ താമസം കമ്പനി തന്നിരിക്കുന്ന വീട്ടിലാണ്.ഒരു വീടിന് വേണ്ടി ശ്രമിക്കുന്നുണ്ട്. പക്ഷേ ഭിന്നലിംഗക്കാരിയാണ് എന്നറിയുമ്പോൾ ആരും വീട് തരാൻ തയ്യാറാവുന്നില്ല.

സോഷ്യൽ മീഡയയിൽ സജീവമാണ് സാറ. സ്വന്തമായ അഭിപ്രായം എല്ലാ കാര്യത്തിലുമുണ്ട്. പോർക്കും മൽസ്യവുമെല്ലാം മനുഷ്യൻ കഴിക്കുന്നതാണ്. എന്തുകൊണ്ടാണ് ബീഫിന് മാത്രം പ്രശ്നം. ഒരു പ്രത്യേക മതവിഭാഗം പശുവിനെ ആരാധിക്കുന്നതാണ് കാരണമെങ്കിൽ മൽസ്യവും ഒരു അവതാരമല്ലേ. ഹിന്ദുക്കൾ എന്നിട്ട് മത്സ്യം കഴിക്കാതിരിക്കുന്നുണ്ടോ. ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഞാൻ എന്ത് കഴിക്കണം കഴിക്കേണ്ട എന്നത് എന്റെ ഇഷ്ടമാണ്, സാറയുടെ വാക്കുകൾക്ക് കാരിരുമ്പിന്റെ കരുത്ത്.

നൃത്തവും കവിതയെഴുത്തും ചിത്രരചനയും, അങ്ങനെ ഒരുപിടി ഇഷ്ടങ്ങളുമുണ്ട് സാറയ്ക്ക് കൂട്ടിന്.ഇനിയുള്ള ലക്ഷ്യം ഒരു ജീവിതമാണ്. .ഇതുവരെ ആരോടും പ്രത്യേകിച്ചൊരിഷ്ടം തോന്നിയിട്ടില്ല. തന്നെ മനസ്സിലാക്കുന്ന ഒരാൾ വരുമെന്നു തന്നെയാണ് സാറയുടെ പ്രതീക്ഷ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments