Friday, March 29, 2024
HomeCrimeകെവിന്റെ കൊലപാതകത്തിന്റെ പിന്നിലെ യഥാർത്ഥ കാരണങ്ങൾ എന്ത് ?

കെവിന്റെ കൊലപാതകത്തിന്റെ പിന്നിലെ യഥാർത്ഥ കാരണങ്ങൾ എന്ത് ?

കോട്ടയത്ത് പ്രണയവിവാഹത്തെ തുടര്‍ന്ന് കെവിന്‍ എന്ന യുവാവിനെ ഭാര്യ വീട്ടുകാര്‍ കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലില്‍ നിന്നും കേരളക്കര ഇതുവരെ മുക്തമായിട്ടില്ല. ദുരഭിമാനക്കൊല ഇതാദ്യമായിട്ടല്ല കേരളത്തില്‍ സംഭവിക്കുന്നത്. കുറച്ച്‌ നാളുകള്‍ക്ക് മുൻപ് ഇതേ ദുരഭിമാനം തന്നെയാണ് മലപ്പുറം സ്വദേശിയായ ആതിര എന്ന 22കാരിയുടെ ജീവനും എടുത്തത്. ദളിത് യുവാവിനെ വിവാഹം കഴിക്കാന്‍ തയ്യാറായതിന്റെ പേരിലാണ് സ്വന്തം അച്ഛന്‍ തന്നെ ആതിരയുടെ ജീവന്‍ ഒരു കത്തിയുടെ മുനയില്‍ തീര്‍ത്തത്.ദളിത് സമുദായത്തില്‍ നിന്ന് ക്രിസ്‌ത്യന്‍ മതം സ്വീകരിച്ച കെവിനെയാണ് നീനു എന്ന 20 വയസ്സുകാരി പ്രണയിച്ചത്. വീട്ടുകാര്‍ക്ക് എതിര്‍പ്പ് ഉണ്ടെന്നറിഞ്ഞിട്ടും പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ ഇരുവരും തയ്യാറായില്ല. പിന്നീട് വീട്ടുകാരുടെ സമ്മതമില്ലാതെ ഇരുവരും വിവാഹിതരായി. എന്നാല്‍, ആ വിവാഹത്തിലൂടെ കെവിന് നല്‍കേണ്ടി വന്നത് സ്വന്തം ജീവനായിരുന്നു. സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി മനുഷ്യ ജീവന് യാതൊരു വിലയും കല്‍പ്പിക്കാത്തവര്‍ ഇപ്പോഴുമുണ്ടെന്നതിന്റെ തെളിവാണ് പുറത്തുവരുന്ന ഓരോ സംഭവങ്ങളും.നീനുവിന്റെ മാതാപിതാക്കള്‍ പ്രണയിച്ച്‌ വിവാഹം കഴിച്ചവരാണ്. അച്ഛന്‍ ക്രിസ്‌ത്യാനിയും അമ്മ മുസ്ലീമും. ഇവര്‍ മാത്രമല്ല നീനുവിന്റെ സഹോദരന്‍ ഷാനുവും പ്രണയിച്ചുതന്നെയാണ് വിവാഹിതരായത്. അങ്ങനെ നോക്കിയാല്‍, പ്രണയത്തോടോ മതത്തോടോ യാതൊരു എതിര്‍പ്പുമുള്ളവരല്ലെന്ന് വ്യക്തം. സ്വന്തം പ്രണയം വലുതാണെന്നും മഹത്വമുള്ളതാണെന്നും വിശ്വസിച്ച ചാക്കോയും ഷാനുവും എന്തിന് നീനുവിന്റെ പ്രണയത്തിന് മാത്രം വിലക്കുകല്‍പ്പിച്ചു? ഉത്തരം ഒന്നേയുള്ളു – ജാതി. അതെ, നീനുവിന്റെ കുടുംബക്കാര്‍ക്ക് പ്രശ്‌നം കെവിന്റെ ജാതിയും സ്റ്റാറ്റസുമായിരുന്നു. ഒരേ മതമായിരുന്നെങ്കിലും കെവിന്‍ താഴ്‌ന്ന ജാതിയില്‍ പെട്ട ആളായിരുന്നു. കൂടാതെ, സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബവും. തങ്ങളുടെ അന്തസ്സിനും ആഭിജാത്യത്തിനും ഇണങ്ങാത്ത ഒരു കുടുംബത്തിലേക്ക് മകളെ പറഞ്ഞയക്കാന്‍ ചാക്കോയെന്ന ‘പിതാവിന്റെ’ ദുരഭിമാനം അനുവദിച്ചില്ല.തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി നീനുവിന്റെ ജീവിതം ചോദ്യചിഹ്‌നമാക്കിയിരിക്കുകയാണ് അവര്‍. പ്രണയം മാത്രമാണോ ഇവിടെയുള്ള തെറ്റ്? സ്വന്തം ഇഷ്‌ടത്തിന് ജീവിത പങ്കാളിയെ കണ്ടെത്തുന്നതാണോ ഇവിടെ ഉണ്ടായ പ്രശ്‌നം? പറച്ചിലില്‍ മാത്രമേ ദൈവത്തിന്റെ സ്വന്തം നാടെന്നൊക്കെ ഉള്ളൂ. അക്ഷരാര്‍ത്ഥത്തില്‍ ഇവിടെ വലുത് ജാതിയും മതവും തന്നെയാണ്. ജാതിയും മതവും നോക്കി മാത്രം പ്രണയിക്കേണ്ട അവസ്ഥയാണ് ആതിരയുടെയും കെവിന്റെയും കൊലപാതകം പറഞ്ഞുതരുന്നത്.ദളിതരും മനുഷ്യരാണെന്ന വസ്‌തുത ദുരഭിമാനവും പേറി നടക്കുന്നവര്‍ ചിന്തിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇനിയും ആതിരയും കെവിനും ഒക്കെ നമുക്കിടയില്‍ നിന്ന് ഉണ്ടായേക്കാം. ആതിരയുടെ മരണത്തോടെ ദുരഭിമാന കൊലപാതകത്തിന്റെ അവസാന ഇര ഇവളെന്ന് നാം പറഞ്ഞു. ഇപ്പോള്‍ ആതിരയ്ക്ക് പകരം കെവിന്‍. ഇപ്പോഴും നാം പറയുന്നു, ഇത് അവസാനത്തേതാകട്ടെയെന്ന്. പക്ഷേ നമുക്ക് തന്നെയറിയാം, പേരുകള്‍ മാത്രമേ മാറുന്നുള്ളൂ. സാഹചര്യവും മനുഷ്യനും അവന്റെ ദുരഭിമാനവും ഒരിക്കലും അവസാനിക്കാന്‍ പോകുന്നില്ലെന്ന്. എന്നിരുന്നാലും ഈ അവസ്ഥയ്‌ക്ക് മാറ്റം വരുത്തേണ്ടത് നാം ഓരോരുത്തരും തന്നെയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments