സ്‌കോട്ട്‌ലന്‍ഡില്‍ നിന്ന് കാണാതായ യുവ മലയാളി വൈദികന്‍ ഫാ. മാര്‍ട്ടിന്‍ സേവ്യര്‍ സിഎംഐ യെ മരിച്ച നിലയില്‍ ഫാല്‍കിര്‍ക്ക് പള്ളിയില്‍ നിന്ന് മുപ്പത് കിലോമീറ്റര്‍ അകലെയുള്ള ഡന്‍ബാര്‍ കടല്‍ക്കരയില്‍ കണ്ടെത്തിയത് ദുരൂഹതകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത്രയും ദൂരേയ്ക്ക് അദ്ദേഹം എന്തിന് എത്തിയെന്ന ചോദ്യത്തിന് ഉത്തരമറിയില്ല. അതുപോലെ എങ്ങനെയാണ് മരണം സംഭവിച്ചിരിക്കുന്നതെന്നും.
സ്കോട്ട്ലൻഡിലെ എഡിൻബറോയിൽനിന്ന് ദുരൂഹസാഹചര്യത്തിൽ കാണാതായി പിന്നീടു ബീച്ചിൽ മരിച്ചനിലയിൽ കണ്ടെത്തിയ ഫാ. മാർട്ടിൻ സേവ്യർ വാഴച്ചിറയുടെ പോസ്റ്റ്മോർട്ടം പരിശോധനകൾ ഇന്നലെ നടത്തിയെങ്കിലും മരണകാരണം കണ്ടെത്താനായില്ല. ഇതോടെ മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള നടപടികൾ വീണ്ടും വൈകുമെന്ന് ഉറപ്പായി. പോസ്റ്റ്മോർട്ടം പരിശോധനയിലെ പാതോളജി റിപ്പോർട്ട് തിങ്കളാഴ്ച വിദഗ്ധരടങ്ങിയ സംഘം പുനഃരവലോകനം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിൽ മരണകാരണം കണ്ടെത്താനായാൽ ഈ റിപ്പോർട്ട് ഫിസ്കൽ ഓഫിസർക്കു ലഭിക്കുന്നതോടെ മൃതദേഹം വിട്ടുകിട്ടിയേക്കും. മറിച്ചു കൂടുതൽ കോശ സാമ്പിളുകൾ ശേഖരിച്ചു പരിശോധിക്കേണ്ടിവന്നാൽ വീണ്ടും കാലതാമസമുണ്ടാകും.
ഫാ. മാർട്ടിന്റെ മരണത്തിൽ സ്കോട്ട്ലൻഡ് യാർഡിലെ ക്രിമിനൽ ഇൻവസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിഐഡി) പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദുരൂഹമരണങ്ങളെല്ലാം അന്വേഷിക്കുന്ന സിഐഡി പൊലീസ് അതിന്റെ ഭാഗമായാണ് ഈ കേസും അന്വേഷിക്കുന്നത്. എന്തായാലും ഈയാഴ്ച മൃതദേഹം നാട്ടിലെത്തിക്കാനുള്ള സാധ്യതകൾ അവസാനിച്ചു.