പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയായ മകളെ പ്രണയം നടിച്ച് മതംമാറ്റാന്‍ ശ്രമിക്കുകയും വര്‍ഗീയവിദ്വേഷം പടര്‍ത്തുന്ന രീതിയില്‍ ഫോണില്‍ വിളിച്ച് സംസാരിക്കുകയും ചെയ്‌തെന്ന അഭിഭാഷകയായ മാതാവിന്റെ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും.കാസര്‍കോട് ടൗണിലെ അഭിഭാഷകയുടെ 17കാരിയായ മകള്‍ ഫേസ്ബുക്കില്‍ പരിചയപ്പെട്ട ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. തുടര്‍ന്ന് മകളെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിക്കുകയും മകളുടെ ഫോണിലേക്കും വീട്ടിലെ ഫോണിലേക്കും വിളിച്ച് സമ്മര്‍ദം ചെലുത്തുകയും ചെയ്‌തെന്നാണ് മാതാവിന്റെ പരാതി. അതേസമയം, മതംമാറ്റാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കഴമ്പില്ലെന്നാണ് പോലിസ് വ്യക്തമാക്കിയിരുന്നത്. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ പഞ്ചാബ് സ്വദേശിയായ യുവാവിനെതിരേ ജൂണ്‍ മൂന്നിനാണ് പോലിസ് കേസെടുത്തത്. പോലിസ് അന്വേഷണത്തില്‍ ബിഹാര്‍ സ്വദേശിയായ സ്വസമുദായത്തില്‍പെട്ട യുവാവാണ് മുസ്‌ലിം പേരില്‍ ഫേസ്ബുക്ക് അക്കൗണ്ട് തുറന്ന് പെണ്‍കുട്ടിയുമായി ചാറ്റിങ് നടത്തിയതെന്നു വ്യക്തമായി. കാസര്‍കോട്ട് കരുതിക്കൂട്ടി സംഘര്‍ഷം ഇളക്കിവിടാന്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നാണു സംശയം. ചില സംഘപരിവാര സംഘടനകള്‍ വിഷയം ഏറ്റെടുത്ത് സംഘര്‍ഷം സൃഷ്ടിക്കാന്‍ നടത്തിയ നീക്കം പോലിസിന്റെ സമയോചിത ഇടപെടല്‍ കാരണം പരാജയപ്പെടുകയും ചെയ്തു.
മകളെ പ്രണയം നടിച്ച് മതംമാറ്റാന്‍ ശ്രമിച്ചുവെന്ന പരാതിയിൽ കേസ്; ക്രൈംബ്രാഞ്ച് അന്വേഷിക്കും
RELATED ARTICLES