ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ് ; പി.യു. ചിത്രക്കെതിരെ അത്‌ലറ്റിക് ഫെഡറേഷന്‍

p-u-chithra

പി.യു. ചിത്രയെ ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കുന്നതില്‍ നിഷേധാത്മക നിലപാടിലുറച്ച് അത്ലറ്റിക് ഫെഡറേഷന്‍. താരത്തെ ഉള്‍പ്പെടുത്താനാകില്ലെന്ന് ഫെഡറേഷന്‍ ഹൈക്കോടതിയെ അറിയിക്കും, ഹൈക്കോടതി വിധി പറഞ്ഞത് തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് എന്നും ടീമില്‍ ഉള്‍പ്പെടുത്താനുളള സമയപരിധി അവസാനിച്ചെന്ന് തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിക്കുമെന്നും അത്ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്റ് വ്യക്തമാക്കി.
കോടതിവിധിയുടെ പകര്‍പ്പ് ലഭിച്ചത് അവസാന നിമിഷം. ചില കാര്യങ്ങളില്‍ അവ്യക്തതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇങ്ങനെയൊരു അവസ്ഥ വന്നതില്‍ സങ്കടമുണ്ടെന്ന് പി.യു ചിത്ര പ്രതികരിച്ചു. പങ്കെടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നില്ല. പങ്കെടുക്കാന്‍ കഴിയാത്തതില്‍ വിഷമമുണ്ടെന്നും ചിത്ര പറഞ്ഞു.
അതെസമയം, മികവുറ്റ ഒരു അത്ലീറ്റിനെ ടീമില്‍നിന്ന് ഒഴിവാക്കാന്‍ അഖിലേന്ത്യാ ഫെഡറേഷന്‍ നടത്തിയ ഗൂഢാലോചനയാണ് ഇതിലൂടെ വെളിപ്പെടുന്നതെന്ന് കായികമന്ത്രി എ.സി. മൊയ്തീന്‍ ചൂണ്ടിക്കാട്ടി. ഫെഡറേഷന്റെ നിലപാട് അപലപനീയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ടീമില്‍ പി.യു ചിത്രയെ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. 1500 മീറ്റര്‍ മത്സരത്തില്‍ ചിത്രയുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ചിത്ര നല്‍കിയ ഹര്‍ജിയിലാണ് കേരള ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്.