Friday, March 29, 2024
HomeKeralaആർഎസ്എസ് കാര്യവാഹ് രാജേഷ് വെട്ടേറ്റു മരിച്ചു; സംസ്ഥാന വ്യാപകമായി ഇന്ന് ബിജെപി ഹർത്താൽ

ആർഎസ്എസ് കാര്യവാഹ് രാജേഷ് വെട്ടേറ്റു മരിച്ചു; സംസ്ഥാന വ്യാപകമായി ഇന്ന് ബിജെപി ഹർത്താൽ

തിരുവനതപുരം ശ്രീകാര്യം കല്ലംപള്ളിയിൽ വച്ച് വെട്ടേറ്റു ചികിത്സയിലായിരുന്ന ആർഎസ്എസ് പ്രവർത്തകൻ മരിച്ചു. ആർഎസ്എസ് കാര്യവാഹ് രാജേഷ് (34) ആണ് മരിച്ചത്. രാജേഷിനെ ആക്രമിച്ചു കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഞായറാഴ്ച സംസ്ഥാന വ്യാപകമായി ബിജെപി ഹർത്താൽ ആചരിക്കും. കൈയ്ക്കും കാലിനും മുഖത്തും ഗുരുതരമായി വെട്ടേറ്റ രാജേഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ആക്രമണത്തിൽ രാജേഷിന്റെ കൈപ്പത്തി പൂർണമായും അറ്റുപോയിരുന്നു. ബൈക്കിലെത്തിയ നാലംഗസംഘമാണ് ആക്രമണം നടത്തിയത് എന്നാണ് സൂചന.

ആക്രമണത്തിന് പിന്നിൽ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു. സർക്കാർ പിന്തുണയോടെയുള്ള അക്രമമാണ് നടക്കുന്നത്. കാര്യങ്ങൾ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരും. സമാധാന യോഗം പോലും സർക്കാർ വിളിക്കുന്നില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആരോപിച്ചു. കഴിഞ്ഞ ഏതാനും ദിവസമായി തലസ്ഥാനത്തെ നഗരപ്രദേശത്ത് ബിജെപി–സിപിഎം സംഘർഷം രൂക്ഷമായിരുന്നു. ഇതിനിടെയാണ് പുതിയ സംഭവം. കൂടുതൽ പൊലീസിനെ സ്ഥലത്തേക്ക് എത്തിച്ചു.

രാത്രിയിൽ ശാഖ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം ഉണ്ടായത്. കടയിൽ സാധനം വാങ്ങാൻ കയറിയ രാജേഷിനെ ഒരു സംഘം ബൈക്കിലെത്തി ആക്രമിക്കുകയായിരുന്നു. വെട്ട് തടയാൻ ശ്രമിക്കുമ്പോഴാണ് കൈപ്പത്തിക്ക് വെട്ടേറ്റത്. തുടർന്ന് മുഖത്തും കയ്യിലും കാലിലും വെട്ടുകയായിരുന്നു. ശബ്ദം കേട്ട് ഒാടിക്കൂടിയ നാട്ടുകാർ രാജേഷിനെ ആദ്യം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

എന്നാൽ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ സിപിഎമ്മിന് യാതൊരു ബന്ധവുമില്ലെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍.‌ കഴിഞ്ഞ കുറച്ചു നാളുകളായി ഈ പ്രദേശത്തെ കോളനിയില്‍ വ്യക്തിപരമായ ചില പ്രശനങ്ങളുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നുണ്ടായ സംഭവമെന്നു കരുതുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം നഗരത്തെ ഭീതിയിലാഴ്ത്തി വ്യാഴാഴ്ച രാത്രി സിപിഎം, ബിജെപി പ്രവർത്തകർ പരസ്പരം എതിർ കേന്ദ്രങ്ങളിൽ അക്രമ തേർവാഴ്ച നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ബിജെപി സംസ്ഥാനസമിതി ഓഫിസും ബിനീഷ് കോടിയേരിയുടെ വീടും ആക്രമിക്കപ്പെട്ടിരുന്നു. സംഭവങ്ങൾക്ക് അയവ് വന്നുവെന്ന് കരുതിയതിനു പിന്നാലെയാണ് ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments