ശ്രീകാര്യത്ത് ആർഎസ്എസ് പ്രവർത്തകൻ രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് കീഴടക്കിയതു മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ. സിനിമയെ വെല്ലുന്ന രംഗങ്ങളായിരുന്നു കാട്ടാക്കടയിലെ പുലിപ്പാറയിൽ അരങ്ങേറിയത്. കൊലപാതകികൾ ശനിയാഴ്ച രാത്രി തന്നെ കാട്ടാക്കടയിലേക്കു മുങ്ങിയെന്നു മനസിലാക്കിയ പ്രത്യേക അന്വേഷണസംഘം പുലർച്ചയോടെ പ്രദേശം വളഞ്ഞു. റബർ തോട്ടത്തില്‍ ഒളിച്ചുതാമസിച്ചിരുന്ന പ്രതികളെ പൊലീസും നാട്ടുകാരും പിന്തുടർന്നു പിടികൂടുകയായിരുന്നു.
കേസിലെ പ്രധാനപ്രതി മണിക്കുട്ടന്റെ സുഹൃത്ത് സജുവിന്റെ വീട്ടിൽനിന്നു പുലർച്ചെ പ്രതികളുടെ മൂന്നു ബൈക്കുകൾ കണ്ടെടുത്തതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. അർധരാത്രിയോടെ മണിക്കുട്ടനും കൂട്ടുകാരും സ്ഥലത്ത് എത്തിയിരുന്നുവെന്നും ബൈക്ക് ഉപേക്ഷിച്ചശേഷം കാറിൽ എങ്ങോട്ടോ പോയെന്നുമായിരുന്നു സജുവിന്റെ മൊഴി. ഇതിനിടെ നെയ്യാർ ഡാമിൽനിന്നു മറ്റൊരു പ്രതി അരുണ്‍ പൊലീസിന്റെ പിടിയിലായി. അരുണിന്റെ മൊഴിയിൽനിന്നു ബാക്കി പ്രതികൾ പുലിപ്പാറയിൽ തന്നെയുണ്ടെന്നു വ്യക്തമായി. ഇതോടെ പൊലീസും നാട്ടുകാരും ചേർന്നു തിരിച്ചിൽ ആരംഭിച്ചു. ഏറെ നേരം നീണ്ട തിരച്ചിലിനൊടുവിൽ റബർ തോട്ടത്തിനു നടുവിലുള്ള സജുവിന്റെ ആളൊഴിഞ്ഞ കുടുംബവീട്ടിൽ ബാക്കി പ്രതികളെയും കണ്ടെത്തി. പൊലീസിനെയും നാട്ടുകാരെയും കണ്ടതോടെ ഒാടാൻ ശ്രമിച്ച പ്രതികളിൽ ഒരാളെ പിന്തുടർന്നു പിടികൂടുകയായിരുന്നു. മറ്റുള്ളവർ റബർ തോട്ടത്തിലൂടെ ഓടി സമീപത്തെ പള്ളിയിൽ കയറിയെങ്കിലും ആരാധന നടക്കുന്ന സമയമായതിനാൽ ഒളിക്കാനായില്ല. രക്ഷപ്പെടാൻ വേണ്ടി പുറത്തേക്കിറങ്ങിയ ഇവരെ കാട്ടാക്കാട സി ഐയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തു. പിന്നീട് രണ്ടു പ്രതികള്‍ കൂടി പിടിയിലായി. വിപിന്‍, മോനായി എന്നിവരാണ് പിടിയിലായത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം ഒമ്പതായി. നേരത്തെ കേസിലെ മുഖ്യപ്രതികളായ മണികണ്ഠന്‍, പ്രമോദ്, ഗിരീഷ്, മഹേഷ്, ബിനു എന്നിവരുള്‍പ്പെടെ ഏഴു പേര്‍ പിടിയിലാണ് .
ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ട കേസിലെ പ്രതികളെ സിനിമ സ്റ്റൈലിൽ പോലീസ് പിടികൂടി
RELATED ARTICLES