സീബ്രാലൈനിലൂടെ വഴിമുറിച്ചു നടന്ന മധ്യവയസ്‌കന് ഇടിച്ചശേഷം നിര്‍ത്താതെ പോയ വാനിന്റെ അടിയില്‍ കുരുങ്ങി ദാരുണാന്ത്യം. കൂലിപ്പണിക്കാരനായ പിഴക് മണലോലിക്കല്‍ തോമസി(55)നെയാണ് ഒരുകിലോമീറ്റര്‍ വലിച്ചിഴച്ചത്.
പാലാ – തൊടുപുഴ റോഡില്‍ പിഴക് പാലത്തിന് സമീപം ഇന്നലെ രാവിലെ പത്തിനായിരുന്നു അപകടം.
പണി സ്‌ഥലത്തേക്ക് പോകാനായി റോഡുമുറിച്ചു കടന്ന ഇയാളെ ഈരാറ്റുപേട്ടയില്‍ നിന്നു ബീഡി വിതരണത്തിനായി തൊടുപുഴ ഭാഗത്തേക്ക് പോയ ട്രാവലറാണ് ഇടിച്ചത്. വാഹ്നനിന്റെ അടിയിലുള്ള ജോയിന്റില്‍ വസ്‌ത്രം കുടുങ്ങി. മാനത്തൂര്‍ കവലയ്‌ക്ക് സമീപം വസ്‌ത്രം കീറി താഴെ വീഴുകയായിരുന്നു. ശരീരം വഴിയിലുരഞ്ഞു ഗുരുതര പരുക്കേറ്റ തോമസിന്റെ കരച്ചില്‍ കേട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ പാലാ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
നിര്‍ത്താതെപോയ വാഹനത്തെ നാട്ടുകാര്‍ പിന്തുടര്‍ന്ന് ഒരുകിലോമീറ്റര്‍ അകലെ തടഞ്ഞു.
ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അവര്‍ പിടികൂടി രാമപുരം പോലീസിന് കൈമാറി. ഈരാറ്റുപേട്ട ഇരിക്കയം വയലങ്ങാട്ട്‌പറമ്പില്‍ ജോസി(47)നെയാണ് പിടികൂടിയത്.
ത്രേസ്യാമ്മയാണു തോമസിന്റെ ഭാര്യ. മകന്‍: ഷെറിന്‍. സംസ്‌കാരം ഇന്ന് രണ്ടിന് പിഴക് സെന്റ് ജോണ്‍ ദി ബാപ്‌റ്റിസ്‌റ്റ് പള്ളിയില്‍.