രാഖി കൊലക്കേസ്;പ്രതികൾ വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നു

akhil- rakhi

രാഖി കൊലക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി പോലീസ്. കൊലപാതകശേഷം കേസിലെ മുഖ്യ പ്രതിയായ അഖിലും രണ്ടാം പ്രതിയും അഖിലിന്റെ സഹോദരനുമായ രാഹുലും വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ വിഷക്കുപ്പികള്‍ കണ്ടെടുത്തു. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ അഖിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അഖിലിന്റെ മിലിട്ടറി ജോലി നഷ്ടപ്പെടാതിരിക്കാന്‍ രാഹുല്‍ സമ്മതം അറിയിച്ചിരുന്നതായും പോലീസ് പറഞ്ഞു. കൊലപാതകത്തെ കുറിച്ച്‌ മാതാപിതാക്കളോട് പറഞ്ഞിരുന്നോ? എന്നും പോലീസ് അന്വേഷിക്കും.

പൊലീസ് പറയുന്നതനുസരിച്ച് ജൂണ്‍ 18നാണ് കൊലനടത്താനുള്ള തീരുമാനം അഖിലും രാഹുലും എടുത്തത്. സുഹൃത്തായ ആദര്‍ശിനെയും ഈ വിവരം അറിയിച്ചു. 19നാണ് കുഴി എടുത്തത്. 21ന് രാത്രി രാഖിയെ കാറില്‍ അമ്പൂരിയിലെ വീട്ടിലെത്തിച്ച് കൊലപ്പെടുത്തി. കൊലപാതകം നടത്തിയശേഷം രാഖിയുടെ ശരീരം അണക്കെട്ടിലോ ജലാശയത്തിലോ ഉപേക്ഷിക്കാനാണ് പദ്ധതിയിട്ടത്. പിന്നീട് തമിഴ്നാട്ടില്‍ എവിടെയെങ്കിലും ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ചെക്പോസ്റ്റില്‍ പിടിക്കപ്പെടുമെന്ന സംശയത്തെത്തുടര്‍ന്ന് ഇതു വേണ്ടെന്നു വച്ചു. പിന്നീട് വീടിനു പുറകിലുള്ള കുഴിയില്‍ രാഖിയുടെ മൃതദേഹം കുഴിച്ചുമൂടി.

ഇതിനുശേഷം ജോലി സ്ഥലത്തേക്ക് പോകുന്നതായി അഖില്‍ വീട്ടില്‍ അറിയിച്ചു. അഖില്‍പോയതിനുശേഷം മാനസിക പിരിമുറുക്കത്തിലായിരുന്നു രാഹുല്‍. ഉറക്കം നഷ്ടപ്പെട്ടു, ഭക്ഷണം കഴിക്കുന്നത് കുറച്ചു. വീട്ടുകാര്‍ കാരണമന്വേഷിച്ചപ്പോള്‍ സുഖമില്ലെന്നായിരുന്നു മറുപടി. അച്ഛന്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ജൂലൈ 20ന് അഖില്‍ നാട്ടിലെത്തി. പിന്നീട് ജോലി സ്ഥലത്തേക്ക് മടങ്ങി. ജോലി സ്ഥലത്തുനിന്ന് നാട്ടിലെത്തിയ കാര്യം അച്ഛനും അമ്മയും അറിഞ്ഞില്ലെന്നും, ചേട്ടനും താനും അപ്പോള്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നെന്നും അഖില്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

പിന്നീട് തീരുമാനം മാറ്റി ജോലി സ്ഥലത്തേക്ക് മടങ്ങിയെന്നാണ് അഖില്‍ പറയുന്നത്. പൊലീസ് ഇതു പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. അഖിലിന്റെ മൊഴി വിഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. രാഖിയുടെ മൃതദേഹം കുഴിയില്‍നിന്ന് മാറ്റാനാണോ അഖില്‍ നാട്ടിലെത്തിയതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. കൊലപാതകം നടത്തിയ കാര്യം മാതാപിതാക്കളോട് വെളിപ്പെടുത്തിയോ എന്നും പൊലീസ് അന്വേഷിക്കുന്നു. കൊലപാതകവുമായി മാതാപിതാക്കളെ ബന്ധിപ്പിക്കാനുള്ള തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നു പൂവാര്‍ സിഐ രാജീവ് പറഞ്ഞു. എറണാകുളത്തുള്ള അമ്പലത്തില്‍വച്ച് ഫെബ്രുവരി പതിനഞ്ചിനാണ് അഖിലും രാഖിയും വിവാഹിതരായത്. അഖിലിന് വേറെ വിവാഹം നിശ്ചയിച്ചതോടെ രാഖിയുമായി അകന്നു. ഇതിനെച്ചൊല്ലി വഴക്കുണ്ടായി. ഒരു കാരണവശാലും ബന്ധത്തില്‍നിന്ന് പിന്‍മാറില്ലെന്ന് രാഖി പറഞ്ഞതിനെത്തുടര്‍ന്നാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.