Friday, April 19, 2024
HomeNationalകര്‍ണാടകയില്‍ വിമത എംഎല്‍എമാര്‍ക്കെതിരെ കടുത്ത നടപടിയുമായി കോണ്‍ഗ്രസ്

കര്‍ണാടകയില്‍ വിമത എംഎല്‍എമാര്‍ക്കെതിരെ കടുത്ത നടപടിയുമായി കോണ്‍ഗ്രസ്

കര്‍ണാടകയില്‍ ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ വിമത എംഎല്‍എമാര്‍ക്കെതിരെ കടുത്ത നടപടിയുമായി കോണ്‍ഗ്രസ്. 14 വിമത കോണ്‍ഗ്രസ് എംഎല്‍എമാരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് നടപടി. സംസ്ഥാന നേതൃത്വത്തിന്റെ ശുപാര്‍ശ എഐസിസി അംഗീകരിക്കുകയായിരുന്നു. രമേശ് ജാര്‍ക്കിഹോളി, മഹേഷ് കുമ്മത്തഹള്ളി, ബിസി പാട്ടീല്‍ തുടങ്ങിയ നേതാക്കളാണ് നടപടി നേരിട്ടത്.
വിമത എംഎല്‍എമാര്‍ കൂട്ടരാജി സമര്‍പ്പിച്ചതോടെയാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിന് ഭരണം നഷ്ടമായത്. വിമതരെ അനുനയിപ്പിക്കാന്‍ നേതാക്കള്‍ ശ്രമം നടത്തിയെങ്കിലും യാതൊരു വിട്ടുവീഴ്ചയ്ക്കും വിമതര്‍ തയാറായില്ല. രാജി സമര്‍പ്പിച്ച ശേഷം ബെംഗളൂരുവില്‍ നിന്നും മുംബൈയിലേക്ക് പോയ എംഎല്‍എമാര്‍ അനുനയ നീക്കങ്ങളുമായി എത്തിയ നേതാക്കളെ കാണാന്‍ വിസമ്മതിച്ചിരുന്നു.

ഡികെ ശിവകുമാര്‍ അടക്കമുള്ള നേതാക്കള്‍ മുംബൈയിലെത്തിയപ്പോള്‍ തങ്ങളെ കാണാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് വിമത എംഎല്‍എമാര്‍ മുംബൈ പോലീസിനെ സമീപിച്ചിരുന്നു. കോണ്‍ഗ്രസ് വിമതരെ കഴിഞ്ഞ ദിവസം സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. നടപ്പുസഭയുടെ കാലാവധി തീരുന്നത് വരെ, അതായത് 2023 വരെയാണ് അയോഗ്യത. 2023വരെ ഇവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല, ഇതിനെതിരെ വിമതര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

വിമത എംഎല്‍എമാരെ അയോഗ്യരാക്കിയതോടെ സഭയുടെ അംഗബലം 207 ആയി ചുരുങ്ങി. ഇതോടെ 105 എംഎല്‍എമാരുള്ള ബിജെപി കേവല ഭൂരിപക്ഷമായ 104 അനായാസമായി കടന്നു. തിങ്കളാഴ്ച യെഡിയൂരപ്പ നിയമസഭയില്‍ വിശ്വാസ വോട്ട് നേടിയിരുന്നു. ഇനി 17 മണ്ഡലങ്ങളില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പാണ് ബിജെപിക്കും സഖ്യത്തിനും നിര്‍ണായകമാവുക.

RELATED ARTICLES
- Advertisment -

Most Popular

Recent Comments